ദുബായ്: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. അവര്‍ അനുഭവിക്കുന്ന വേദനയും അവര്‍ക്ക് നേരെയുള്ള അക്രമവും തുറന്ന് കാട്ടുകയാണ് ഒരുപ്രവാസി മലയാളി. കൂട്ടത്തില്‍ ദുബായിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം തന്റെ കുറിപ്പ് പങ്ക് വെച്ചത്. നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറലായി. വസ്ത്രധാരണത്തിലുള്ള അപാകത കൊണ്ടാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നതാണ് പ്രവാസിയായ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഈ കുറിപ്പ്. ഒരു വര്‍ഷം മുമ്പാണ് കുറിപ്പ് എഴുതിയത്.
ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
ദുബായില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്‌നശരീരം കാണേണ്ടി വന്നത്. കൂടുതലും സ്ത്രീകളുടെത്. തെരുവുകളിലും മാളുകളിലും മെട്രോയിലും സന്ദര്‍ശക കേന്ദ്രങ്ങളിലും എവിടെ നോക്കിയാലും ട്രൗസറും ബിക്കിനിയും ധരിച്ച, പല നാടുകളില്‍ നിന്നും വന്ന വനിതകള്‍, തരുണികള്‍, കുമാരികള്‍, വൃദ്ധസ്ത്രീകള്‍ പോലും വസ്ത്രത്തിന്റെ കാര്യത്തില്‍ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണ് എന്ന് തോന്നി.
എന്റെ ഒരു സുഹൃത്ത് എന്നോട് തമാശ രൂപേണ പറഞ്ഞു. ഒന്നും രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാത്ത, ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്കാണ് ക്ഷമയ്ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ തരേണ്ടത് എന്ന്!
രാത്രി വളരെ വൈകിയിട്ടും തെരുവുകളില്‍ വാനിറ്റി ബാഗും തൂക്കി മൊബൈലില്‍ സംസാരിച്ചു ഇഷ്ടമുള്ളയിടങ്ങളില്‍ കറങ്ങിനടക്കുന്ന, ബസ്സ് കാത്തുനില്‍ക്കുന്ന, യാത്ര ചെയ്യുന്ന, ഒരു ആണിനേയും പേടിക്കാതെ, ആണുങ്ങളാരും കൂടെയില്ലാതെ സര്‍വ തന്ത്ര സ്വതന്ത്രരായി നടക്കുന്ന വനിതകള്‍..
നമ്മുടെ നാട്ടിലെ പോലെ ഇവിടങ്ങളിലും ഉണ്ട് ആണുങ്ങള്‍.
ഇവിടെയും കാണും ഗോവിന്ദ ചാമികള്‍
ഇവരിലും ഉണ്ട് വികാരികള്‍
ഇവിടങ്ങളിലും ഉണ്ട് ഞരമ്പ് രോഗികള്‍.
പ്രമുഖരും പള്‍സറും ഇവിടെയും ഉണ്ടാകും.
എന്നിട്ടും ഒരു പെണ്ണിനെ കാണുമ്പോഴേക്കും ഇവിടങ്ങളിലുള്ള ഒരു ആണിനും ഒന്നു സടകുടഞ്ഞു എഴുന്നേല്‍ക്കാത്തത് ഇവരൊക്കെ പുണ്യവാളന്മാര്‍ ആയതുകൊണ്ടോ എല്ലാവരും ദിവസവും രണ്ടുനേരം കടുക്ക വെള്ളം കുടിക്കുന്നത് കൊണ്ടോ ഒന്നുമല്ല. കളിച്ചാല്‍ വിവരം അറിയും എന്നറിയുന്നത് കൊണ്ടാണ്. അക്കളി തീക്കളിയാവും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ്. ആണുങ്ങള്‍ ഒപ്പം നടന്നു കൊണ്ടോ, ഇരുട്ടാകും മുന്‍പേ വാതിലടച്ചു കുറ്റിയിട്ടത് കൊണ്ടോ മൂടിപ്പുതച്ചു നടന്നത് കൊണ്ടോ ഒന്നും പീഡനം ഇല്ലാതാവില്ല.
അതില്ലാതാവാന്‍ ഒരേ ഒരു ട്രീറ്റ്‌മെന്റെ ഉള്ളൂ… രാഷ്ട്രീയവും മതവും ഇടപെടാത്ത കറകളഞ്ഞ നിയമം. അതു നടപ്പാക്കാന്‍ പറ്റുമോ?എങ്കില്‍ പെണ്ണിനെ അവിടെ കാണുമ്പോഴേക്കും ഇവിടെ മാറി പോകും ആണുങ്ങള്‍. അതുപോലൊരു നിയമം നമ്മുടെ നാട്ടില്‍ വരാത്തിടത്തോളം കാലം ഈ നാട് നേരെയാവില്ല!