
കൊച്ചി: കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 19 മലയാളി നഴ്‌സുമാരാര്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാര്‍ പിടിയില്‍. മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കുവൈത്ത് മാനവശേഷി സമിതി നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേരാണ് പിടിയിലായത്. പിടിയിലായ മലയാളികളില്‍ കൈക്കുഞ്ഞുള്ള അമ്മമാരുമുണ്ട്. ലൈസന്‍സ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്‌പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടര്‍ന്നാണു ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ അവസരം ഒരുക്കിയത്. ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെട്ടു നഴ്‌സുമാരുടെ മോചനത്തിനുള്ള നടപടികള്‍ കൈക്കൊള്ളണം എന്നാണു ബന്ധുക്കളുടെ ആവശ്യം.