ലണ്ടന്‍ : ബ്രിട്ടന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി റിസേര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത മഞ്ജു ലക്സണ്‍ എന്ന ബഹുമുഖപ്രതിഭ വീണ്ടും മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ആഗോള തലത്തിലുള്ള മലയാളി നഴ്സുമാര്‍ക്കും അഭിമാനമായി. മാഞ്ചസ്ററര്‍ മേട്രോപോളിറ്റന്‍ യുണിവേഴ്സിറ്റിയില്‍ നിന്നും പ്രഫ. കാരോള്‍ ഹേ യുടെയും ഡോ. ഫിയോന ഡങ്കന്റെയും മേല്‍നോട്ടത്തിലാണ് മഞ്ജു ഡോക്ടര്‍ ഓഫ് ഫിലോസഫി കരസ്ഥമാക്കിയത്.
മലയാളി എവിടെ കുടിയേറിയാലും അവിടെ ചരിത്രം കുറിയ്ക്കുന്ന പതിവ് ബ്രിട്ടനിലും വീണ്ടും ആവര്‍ത്തിയ്ക്കപ്പെട്ടു എന്നുതന്നെയാണ് ഇതുകൊണ്ടു തെളിയിക്കുന്നത്. നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട് ക്ളിനിക്കല്‍ റിസേര്‍ച്ചില്‍ മഞ്ജു ലക്സണ്‍ മുന്‍പ് നേട്ടം കൈവരിച്ചിരുന്നു.
റിസേര്‍ച്ച് കള്‍ച്ചറിനെ ആസ്പദമാക്കിയുള്ള മഞ്ജുവിന്റെ ഗവേഷണത്തിന്, ഈ കഴിഞ്ഞ നാളില്‍ നഴ്സിംഗ് റിസേര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (NRSI ) മംഗലാപുരം ഫാദര്‍ മുല്ലെര്‍സില്‍ നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുകയും ചെയ്തു. മുന്നു ദിവസം നടന്ന മഹാസമ്മേളനത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മല്‍സരിച്ചാണ് ഡോ. മഞ്ജു ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
കഴിഞ്ഞവര്‍ഷം ദി അഡ്വര്‍ടൈസര്‍ എന്ന മാഞ്ചസ്റററിലെ പ്രമുഖ ദിനപത്രത്തില്‍ മഞ്ജുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇന്റര്‍ നാഷണല്‍ ക്ളിനിക്കല്‍ ട്രയല്‍സ് ദിനത്തിലാണ് പത്രം മഞ്ജുവുമായി അഭിമുഖം നടത്തിയത്. ഒരു മലയാളി നഴ്സുമായി ബ്രിട്ടനിലെ മുഖ്യധാരാ ദിനപത്രം നടത്തുന്ന ആദ്യ അഭിമുഖമായിരുന്നു ഇത്. മഞ്ജുവുമായുള്ള അഭിമുഖത്തില്‍ ക്ളിനിക്കല്‍ റിസേര്‍ച്ച് എന്താണെന്നും അതിന്റെ മര്‍മ്മവും പ്രാധാന്യം ഒക്കെ വിശദീകരിയ്ക്കുന്നതായിരുന്നു ഉള്ളടക്കം.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കോടെ നഴ്സിംഗ് പഠനത്തിന് തുടക്കം കുറിച്ച മഞ്ജു, മൂന്നാം റാങ്കോടെയാണ് ബിഎസ്സി (ഹോണേഴ്സ്, 1996/2000)പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2001 ല്‍ യുകെയിലെത്തി മാഞ്ചസ്ററര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2002 ല്‍ അഡ്വാന്‍സ്ഡ് നഴ്സിംഗ് സ്ററഡീസില്‍ എംഎസ്സി ബിരുദം നേടി.
ഈ കാലയളവില്‍ ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലും നിരവധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളിലും റിസേര്‍ച്ച് പ്രോജക്ടുകളിലും മഞ്ജു പങ്കാളിയായി മികച്ച സ്കോര്‍ നേടിയിരുന്നു. സെന്‍ട്രല്‍ മാഞ്ചസ്ററര്‍ യൂണിവേഴ്സിറ്റി എന്‍ എച്ച്എസ് ട്രസ്ററില്‍ ട്രാഫോര്‍ഡ് ആശുപത്രികളുടെയും അക്യുട്ട് മെഡിസിന്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളുടെയും ഡിവിഷണല്‍ റിസേര്‍ച്ച് മാനേജരായി ചുമതല വഹിച്ചിരുന്ന മഞ്ജു ഇപ്പോള്‍ മാഞ്ചസ്ററര്‍ മെട്രോപ്പോലീറ്റന്‍ യൂണിവേഴ്സിറ്റിയില്‍ ഹോണററി സ്ററാഫാണ്. നിലവില്‍ നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസേര്‍ച്ചിന്റെ മാഞ്ചെസ്റെറര്‍ ക്ളിനിക്കല്‍ റിസര്‍ച്ച് ഫെസിലിറ്റിയില്‍ ക്വാളിറ്റി ലീഡ് (Quality Lead ) ആയി ജോലി നോക്കുന്നു. റിസേര്‍ച്ച് വിഭാഗത്തിന്റെ ഇക്വാവാളിറ്റി ആന്‍ഡ് ഡൈവേഴ്സിറ്റി കോര്‍ഡിനേറ്റര്‍ കൂടിയാണ് മഞ്ജു.
യു കെയിലെ ഹൈപ്പര്‍ടെന്‍ഷന്‍ സ്പെഷ്യലിസ്ററ് നഴ്സുമാരുടെ ദേശിയ സംഘടനയായ നഴ്സസ് ഹൈപ്പര്‍ടെന്‍ഷന്‍ അസോസിയേഷന്‍ ഓഫ് യു കെയില്‍ രണ്ടുവര്‍ഷം ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് ഈ അസോസിയേഷന്റെയും സൊസൈറ്റിയുടെയും നിരവധി കോണ്‍ഫറന്‍സുകളില്‍ അധ്യക്ഷയുമായിരുന്നു. ഇന്റര്‍നാഷണല്‍ ജേര്‍ണലുകളിലെ ക്ഷണിതാവ് എന്ന നിലയില്‍ നിരവധി ലേഖനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയിലെ ഒബ്സര്‍വേഷണല്‍ ക്ളിനിക്കല്‍ സ്കില്‍സ് എക്സാമിനറായും സേവനം നല്‍കിയിട്ടുണ്ട്.
നാട്ടിലായിരുന്നപ്പോള്‍ കലാരംഗത്ത് സജീവമായിരുന്ന മഞ്ജു ബ്രിട്ടനിലെത്തിയശേഷം യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ നടത്തിയ കലോല്‍സവത്തില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംഘടനകളിലും മാഞ്ചസ്ററര്‍ കാത്തലിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള മലയാളി കൂട്ടായ്മകളില്‍ സജീവ പ്രവര്‍ത്തകയുമാണ്.
കെ എസ്. ഇ. ബി. മുന്‍എന്‍ജിനീയറും, ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഒഐസിസിയുകെ)നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കലിന്റെ ഭാര്യയാണ് മഞ്ജു. ലിവിയ, എല്‍വിയ, എല്ലിസ് എന്നിവര്‍ മക്കളാണ്. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചന്‍ -ആനിയമ്മ ദമ്പതികളുടെ മകളാണ് മഞ്ജു.