ഡബ്ലിൻ :അടുത്ത് നടക്കാനിരിക്കുന്ന അയർലണ്ട് പാർലമെന്റിലേക്ക് ഒരു മലയാളി മത്സരിക്കുന്നു. ഡബ്ലിൻ ഫിൻഗ്ലസിൽ താമസിക്കുന്ന മലയാളിയായ മഞ്ജു ദേവിയാണ് അയർലണ്ടിലെ ഡെപ്യുട്ടി പ്രധാനമന്ത്രിയും മുൻ പ്രധാനമന്ത്രിയുമായ മിഹോൾ മാർട്ടിൻ നയിക്കുന്ന ഭരണ കക്ഷിയായ ഫിയന്ന ഫെയിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് . നിലവിലെ ഹൌസിങ് മിനിസ്റ്റർ ഡാരാ ഓ’ ബ്രീൻ ഒപ്പമാണ് രണ്ടാം സ്ഥാനാർത്ഥിയായാണ് ഫിൻഗാൾ ഈസ്റ്റ് മണ്ഡലത്തിൽ മഞ്ജു മത്സരിക്കുന്നത്.
ഡബ്ലിൻ മാറ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മഞ്ജു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരോഗ്യപരിപാലനം, ഡിസബിലിറ്റി സേവനങ്ങൾ, കായിക രംഗം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും കൂടാതെ വീട്, ജീവിതച്ചെലവ് എന്നിവ സംബന്ധിച്ച ജനങ്ങളുടെ ദിവസംപ്രതി നേരിടുന്ന പ്രശ്നങ്ങളും പ്രചാരണ വിഷയമാകുമെന്ന് അറിയിച്ചു.
കോട്ടയം പാലാ സ്വദേശിയാണ് മഞ്ജു ദേവി . 2005 ൽ അയർലണ്ടിലേക്ക് കുടിയേറി. പാലാ സെന്റ് മേരീസ് സ്കൂൾ , അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനിയിലെ ബിർളാ സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ജനറൽ നഴ്സിംഗ് പാസായതിനു ശേഷം ഡൽഹിയിലെ എസ്‌കോർട്ട് ഹോസ്പിറ്റലിൽ നിസ്‌സായി ജോലി ചെയ്തു.അതിനുശേഷം സൗദി അറേബിയിൽ കിംഗ് ഫൈസൽ ആശുപത്രിൽ നേഴ്സ്സായി ജോലി നോക്കി.