E.K.Salim
ദമ്മാം: ഒ ഐ സി സി ഗ്ലോബല്‍ വക്താവായ മന്‍സൂര്‍ പള്ളൂരിന്റെ ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ലോക രാഷ്ട്രീയ ചലനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ ‘റ്റു ഹൂം ഡസ് ദ റ്റ്വന്റിഫസ്റ്റ് സെഞ്ച്വറി ബിലോങ്ങ് ? എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് പരിഭാഷയാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
7500 ല്‍ അധികം പ്രസാധകര്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രദര്‍ശനമാണിത്. ലോകസാഹിത്യത്തിന്റെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ ചിത്രം നല്‍കുന്ന ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള ആയിരക്കണക്കിനു പുസ്തകങ്ങളുടെ തര്‍ജ്ജമാവകാശം കൈമാറപ്പെടും. മന്‍സൂറിന്റെ പുസ്തകത്തിന്റെ പാഴ്സി പരിഭാഷയുടെ അവകാശം പ്രശസ്ത ഇറാനിയന്‍ എഴുത്തുകാരനായ കുറോഷ് സിയാ ബാരിക്കാണ് നല്‍കിയിരിക്കുന്നത്.നവംബറില്‍ മെക്സിക്കോയില്‍ നടക്കുന്ന ‘ഗുവാദല്‍ജാര’ മേളയിലേക്കും പുസ്തകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കഫേമോക്ക പ്രൊഡക്ഷന്‍സ് ‘ തയ്യാറാക്കുന്ന പുസ്തകത്തിന്റെ ദൃശ്യ ഭാഷയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്.ലോക ചലനങ്ങളെക്കുറിച്ചു പ്രവചനാത്മകമായി പറഞ്ഞ പുസ്തകം എന്ന നിലയിലാണ് അഫ്സല്‍ ചിറ്റങ്ങാടന്‍, താജു ,ഇല്യാസ് പനോലന്‍ എന്നിവര്‍ പുസ്തകത്തിന്റെ ദൃശ്യ ഭാഷ ഒരുക്കുന്നത് .നവംബര്‍ മൂന്നാം വാരം റിലീസിനൊരുങ്ങുന്ന ഡോക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രമുഖ എഴുത്തുകാരന്‍ എം .മുകുന്ദന്‍ മാഹിയില്‍ നിര്‍വഹിച്ചു.ആമസോണ്‍ ഉള്‍പ്പടെ ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ പുസ്തകം ലഭ്യമാണ്. മാഹി സ്വദേശിയായ മന്‍സൂര്‍ പള്ളൂര്‍ സൗദി അറേബ്യയില്‍ ദമ്മാമിലാണ് ജോലി ചെയ്യുന്നത്.