സ്വന്തം ലേഖകൻ
അഴിമതി രഹിതവും സുസ്ഥിരവുമായ ഭരണത്തിനു വ്യക്തമായ ഭൂരിപക്ഷത്തോടു കൂടിയ ഭരണപക്ഷം ആത്യന്താപേക്ഷിതമാണെന്നും അതേസമയം മൃഗീയഭൂരിപക്ഷം അധികാരത്തിലിരിക്കുന്നവരെ അഹങ്കാരികളാക്കി മാറ്റുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്നും മലങ്കര മാർത്തോമാ സഭ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ.ജോസഫ് മാർത്തോമാ അഭിപ്രായപ്പെട്ടു.
നവംബറിൽ അമേരിക്കയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും അടുത്ത മാസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പടക്കം നടക്കുന്ന സാഹചര്യത്തിലാണ് മാർത്തോമാ മെത്രാപ്പോലീത്ത തന്റെയും സഭയുടെയും അഭിപ്രായം വ്യക്തമാക്കിയത്.
മുന്നണി സംവിധാനത്തിന്റെ ദൗർബല്യമായി പലപ്പോഴും മാറുന്നത് ചെറിയ പാർട്ടികളുടെ സമ്മർദ തന്ത്രങ്ങളാണ്. വിലപേശൽ നടത്തി സ്വന്തം കാര്യം നേടാനുള്ള ശ്രമങ്ങളാണ് പല ചെറിയ പാർട്ടികളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. നല്ല ഭരണവും ദേശീയ അവബോധവും ആദർശ ധീരതയും സൽസ്വഭാവികളുമായ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനു എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നു മെത്രാപ്പീലാത്താ ഉദ്‌ബോധിപ്പിച്ചു.
വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ രാജ്യം തികഞ്ഞ അരാജകത്വത്തിലേയ്ക്കു നീണ്ടു പോകുമെന്നു മെത്രാപ്പോലീത്താ മുന്നറിയിപ്പു നൽകി. ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം കർത്തവ്യങ്ങളും കടമകളും ഉത്തരവാദിത്വ പൂർവം നിർവഹിക്കാൻ തക്കവണ്ണം ബോധമുള്ള ജനതയായി വളരുവാൻ ദൈവകൃപ ആവശ്യമാണെന്നും അതിനു പ്രത്യേകമായി പ്രാർഥിക്കണമെന്നും സഭാ ജനങ്ങളെ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.