പ്രസവവാര്‍ഡില്‍ മിഡ്‌വൈഫുമാരുടെ സേവനം ഉറപ്പാക്കുന്നു; പുതിയ പദ്ധതിയുമായി പ്ലാന്‍ റിപ്പോര്‍ട്ട് തയ്യാറാകുന്നു

ഡബ്ലിന്‍: രാജ്യത്തെ മറ്റേര്‍നിറ്റി സേവനങ്ങളുടെ ഗുണനിലവാരവും ആളുകളുടെ സേവനവും ഉറപ്പാക്കുന്നതിനായി മറ്റേര്‍നിറ്റി ആശുപത്രികളില്‍ മിഡ് വൈഫുമാര്‍ അടക്കമുള്ള വനിതാ ജീവനക്കാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ പത്തു വര്‍ഷത്തെ മറ്റേര്‍നിറ്റി സേവനങ്ങള്‍ക്കായി തയ്യാറാക്കിയ പ്ലാനിലാണ് ഇപ്പോള്‍ മിഡ് വൈഫുമാര്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നത്.
പ്രസവ ശുശ്രൂഷയില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ മറ്റേര്‍നിറ്റി ആശുപത്രികളില്‍ പ്രസവശുശ്രൂഷകള്‍ നടത്തുന്നത് മിഡ് വൈഫുമാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയിലും പ്രസവം നടന്ന ശേഷവുമുള്ള ശുശ്രൂഷകള്‍ക്കായി മിഡ വൈഫുമാരെ വീടുകളിലേയ്ക്കു എത്തിക്കുന്നതിനുള്ള പദ്ധതിയാണ് അടുത്ത പത്തു വര്‍ഷത്തെ പ്ലാന്‍ റിപ്പോര്‍ട്ടില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീടുകളില്‍ തന്നെ സ്വഭാവികമായുള്ള പ്രസവം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റെ 2016 – 2026 മറ്റേര്‍നിറ്റി പ്ലാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനായി മെറ്റേര്‍നിറ്റി സര്‍വീസിനായി മിഡ് വൈഫുമാരെ കൂടുതലായി വീടുകളില്‍ നിയമിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിരിക്കുന്നത്. പ്ലാന്‍ റിപ്പോര്‍ട്ടില്‍ ഇത് കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ വീടുകളുടെ അന്തരീക്ഷത്തില്‍ തന്നെ പ്രസവം നടത്തുന്നത് കുട്ടികളുടെ ആരോഗ്യത്തെ കൂടുതല്‍ അനുകൂലമായി സഹായിക്കുമെന്ന പഠന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ആശുപത്രികളില്‍ എത്തിച്ച് കൃത്രിമ മാര്‍ഗങ്ങളിലൂടെ പ്രസവം നടത്തുന്നതിനു പകരം ആരോഗ്യകരമായ പ്രസവം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ വീടുകളില്‍ തന്നെ പ്രസവ രക്ഷയ്ക്കായി മിഡ് വൈഫുമാരെ നിയോഗിച്ചു കൂടുതല്‍ ആരോഗ്യമുള്ള സ്ത്രീകളെയും കുട്ടികളെയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുന്നു.

Top