പി.പി ചെറിയാൻ
മെക്സിക്കോസിറ്റി: വെസ്റ്റേൺ മെക്സിക്കോ ഹൈവേയുടെ ഓരത്ത് വെടിയേറ്റ് മരിച്ച നിലയിൽ ഒരു വൈദികനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയ്ക്കുള്ളിൽ വെടിയേറ്റു മരിച്ചത് മൂന്നാമത്തെ വൈദികനാണെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
റവ.ഒ.സെ അൽഷ്യാഡോ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പള്ളിയിൽ നിന്നു തിങ്കളാഴ്ച തട്ടിക്കൊണ്ടു പോകുകയായിരുന്നു. റവ.ഓസെയെ തട്ടിക്കൊണ്ടു പോയ തിങ്കളാഴ്ചയാണ് ഗൾഫ് കോസ്റ്റ് സ്റ്റേറ്റിലെ വെരക്രൂസിൽ തലേദിവസം തട്ടിക്കൊണ്ടു പോയ രണ്ടു വൈദികരുടെ വേടിയേറ്റു കൊല്ലപ്പെട്ട മൃതശരീരങ്ങൾ കണ്ടെടുത്തു.
മെക്സിക്കോയിൽ വൈദികർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006നു ശേഷം മെക്സിക്കോയിൽ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിട്ടുള്ളത്. വൈദികർക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നു കർദിനാൾ ആൽബെർട്ടോ അധികാരികളോടു ആവശ്യപ്പെട്ടു.