വിക്ലോ: പ്രിയപ്പെട്ട മിലന് ഇന്ന് യാത്രാമൊഴി നലകുന്നു . വ്യാഴാഴ്ച നിര്യാതനായ മിലന്‍ മാര്‍ട്ടിന്റെ ഫ്യൂണറല്‍ മാസ് ഇന്ന് 11 മണിക്ക് ആരംഭിക്കുമ്പോള്‍ പ്രിയകൂട്ടുകാരന്റെ വിയോഗത്തില്‍ തളര്‍ന്ന സഹപാഠികളും ഏവര്‍ക്കും പ്രിയങ്കരനായ കൊച്ചുമിടുക്കന്റെ വേര്‍പാടില്‍ തകര്‍ന്നിരിക്കുന്ന വിക്ലോയിലെ കുടുംബങ്ങളും കരള്‍പിടയുന്ന വേദനയോടെ മിലന് യാത്രാമൊഴി ചൊല്ലും.ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച മിലന്റെ ഭൗതികശരീരം ഒരുനോക്കു കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സഹപാഠികളും സുഹൃത്തുക്കളും അയര്‍ലണ്ടിലെ മലയാളികളും എത്തിച്ചേര്‍ന്നിരുന്നു.
ചെറുപ്രായത്തില്‍ തന്നെ സേവനസന്നദ്ധനായ മിലന്‍ അയല്‍ക്കാര്‍ക്കും ഒറ്റയ്ക്കു കഴിയുന്ന പ്രായമായവര്‍ക്കും എപ്പോഴും സഹായവുമായി ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നു. വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടില്‍ വോളന്റിയറായ പ്രവര്‍ത്തിച്ചിരുന്ന മിലന്റെ നന്മയും സ്‌നേഹവും അനുഭവിച്ചുള്ളവരാണ് വിക്ലോയിലെ കുടുംബങ്ങളില്‍ പലരും. മിലന്റെ നിര്യാണത്തില്‍ അനുശോചിച്ച് മിലന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ അവര്‍ ഇന്നലെ ഒത്തുകൂടിയിരുന്നു.
മിലന് ഓടിക്കളിച്ച് വളര്‍ന്ന ബെല്‍എയര്‍ ഹൗസിംഗ് എസ്റ്റേറ്റിലെ 28 വീടുകളില്‍ നിന്നുള്ളവര്‍ ബെല്‍എയര്‍ ഹോട്ടലില്‍ മിലന്റെ ഓര്‍മ്മകളുമായി ഒത്തുകൂടി. എല്ലാവര്‍ക്കും മിലനെക്കുറിച്ചുള്ള ഓര്‍മ്മകളും വിശേഷങ്ങളും പങ്കുവെയ്ക്കാനുണ്ടായിരുന്നു. പൊന്നുമോന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്നമിലന്റെ മാതാപിതാക്കളായ മാര്‍ട്ടിനും ആന്‍സിയ്ക്കും മിലന്റെ കൊച്ചനുജന്‍ പാട്രിക്കിനും പിന്തുണ നല്‍കി ബെല്‍എയര്‍ ഹാസിംഗ് എസ്റ്റേറ്റിലെ കുടുംബാംഗങ്ങളെല്ലാം ഒപ്പം നില്‍ക്കുകയാണ്. മിലന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വെളുത്ത ബലൂണുകളില്‍ സ്‌നേഹത്തിന്റെ ശ്വാസം നിറച്ച് ഓരോരുത്തരും മിലനായി ബലൂണുകള്‍ പറത്തി.