എം.എ. യൂസഫലി കാരുണ്യത്തിന്റെ വറ്റാത്ത ഉറവയെന്ന് മുഖ്യമന്ത്രി പിണറായി

പത്തനാപുരം : ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ  മഹാത്മാഗാന്ധി സമ്മാന്‍ വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പത്മശ്രീ എം.എ. യൂസഫലിക്ക് സമര്‍പ്പിച്ചു. ഗാന്ധിഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.
കാരുണ്യത്തിന്റെ വറ്റാത്ത ഉറവ മനസ്സില്‍ സൂക്ഷിക്കുന്ന വ്യവസായപ്രമുഖനാണ്
യൂസഫലിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലികൊടുത്തു എന്നത് മാത്രമല്ല, ജീവകാരുണ്യം വേണ്ടിടത്തൊക്കെ അദ്ദേഹം അകമഴിഞ്ഞ് സഹായ
ഹസ്തം നീ്്ട്ടി. സ്വന്തം വ്യവസായ സാമ്രാജ്യം വളരുന്നതിനനുസരിച്ച്അദ്ദേഹത്തിന്റെ തലകുനിഞ്ഞു വരികയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ഗാന്ധിഭവനിലെ ഒരു കുടുംബാംഗമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഗാന്ധിഭവനിലെ അമ്മമാര്‍ കെട്ടിവെക്കാന്‍ തന്ന പണം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
സ്വന്തം അയല്‍വാസി പട്ടിണി കിടന്നാല്‍ അതിനുത്തരവാദി നീയാണ് എന്ന് പറഞ്ഞ പ്രവാചകന്റെ വഴിയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ യൂസഫലി പറഞ്ഞു.
നിങ്ങള്‍ മാതാപിതാക്കളോട് കരുണയുള്ളവരാകണം എങ്കിലേ ഇഹലോകത്തും പരലോകത്തും നിങ്ങള്‍ക്ക് ശാന്തിയുണ്ടാകൂ എന്നാണ് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്. ഗാന്ധിഭവനിലെ അമ്മമാരെ കണ്ടപ്പോള്‍ ഈ സമൂഹത്തോട് തനിക്ക് പുച്ഛം തോന്നിയതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വൃദ്ധസദനങ്ങള്‍ കൂടികൂടി വരികയാണ് തന്റെ വ്യവസായ യൂണിറ്റുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ പ്രത്യേകമായ ഒരു സെല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവന്‍ മുന്നോട്ടുകൊണ്ടുപോകുന്ന പുനലൂര്‍ സോമരാജനെയും കുടുംബാംഗങ്ങളെയും യൂസഫലി അഭിനന്ദിച്ചു. എല്ലാ ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവരും ഇവിടുത്തെ അന്തേവാസികളാണ്. രാജ്യത്തെ മതേതരത്വവും സമുദായ സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതിന് ഇതാവശ്യമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതം. നമ്മള്‍ ഏകോദര സഹോദരങ്ങളെപ്പോലെ ഇവിടെ ജീവിക്കുന്നു. നാം നന്നാകണമെങ്കില്‍ മനസ്സ് നന്നാകണം. അതിന് ഭൗതികം മാത്രമല്ല ആധ്യാത്മിക വിദ്യാഭ്യാസവും ആവശ്യമാണെന്നും യൂസഫലി പറഞ്ഞു. ഗാന്ധിഭവനില്‍ ഭിന്നശേഷിയുള്ളവരുടെ പുനരധിവാസ കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ സംഭാവന നല്‍കുമെന്നും ഗാന്ധിഭവന് പ്രതിവര്‍ഷം ഇരുപത്തഞ്ചു ലക്ഷം രൂപ സമ്മാനിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.
മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കൊടിക്കുന്നില്‍ സുരേഷ് എം.പി., പ്രൊഫ. ജി.എന്‍. പണിക്കര്‍, കെ.എന്‍. ബാലഗോപാല്‍,  കെ. മുരളീധരന്‍, ഡോ. ബി. അശോക് ഐ.എ.എസ്,  എം.എസ്. ഫൈസല്‍ഖാന്‍, അഡ്വ. വരിഞ്ഞം എന്‍. രാമചന്ദ്രന്‍ നായര്‍, കെ. രാജഗോപാല്‍, ആര്‍. ചന്ദ്രശേഖരന്‍, കെ. വരദരാജന്‍, എം.എ. രാജഗോപാല്‍, അഡ്വ. എസ്. വേണുഗോപാല്‍, ബെന്നി കക്കാട്, സി.ആര്‍. നജീബ്, എന്‍. ജഗദീശന്‍, എച്ച് .നജീബ് മുഹമ്മദ്, കെ. ധര്‍മ്മരാജന്‍, ഡോ. അടൂര്‍ രാജന്‍, കലാപ്രേമി ബഷീര്‍, മിനിഷാജഹാന്‍, എസ്.എം. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ആമുഖ പ്രസംഗം നടത്തി. ഷാഹിദാകമാല്‍ സ്വാഗതവും സി. ശിശുപാലന്‍ നന്ദിയും പറഞ്ഞു.
Top