നവോദയ സാംസ്കാരിക വേദി ഈസ്റ്റേൺ പ്രൊവിൻസ്
ദമാം: സൗദി അറേബ്യ സന്ദർശ്ശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് പ്രവാസി വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചുകൊണ്ട് നവോദയ സാംസ്കാരിക വേദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മറ്റി വിശദമായ നിവേദനം അയച്ചു കൊടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഈ മെയിൽ വഴി അയച്ചു കൊടുത്ത നിവേദനത്തിന്റെ കോപ്പി വിദേശകാര്യ മന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്.
തൊഴിൽ കരാറിൽ ഇന്ത്യൻ എംബസ്സിയെ ഭാഗഭാക്കുക, വലിയ വിഭാഗം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസ് തുറക്കുക, സൗദിയിലെ വിവിധ പ്രവിശ്യാ കേന്ദ്രങ്ങളിൽ പ്രവാസി ഇന്ത്യക്കാരുടെ സഹായത്തിനായി ഇന്ത്യൻ എംബസ്സിയുടെ നേത്യത്വത്തിൽ നിയമ സഹായ കേന്ദ്രങ്ങൾ തുറക്കുക, ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ പശ്ചാത്യ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക വിഭാഗമായി കണ്ട് ആവശ്യമായ പരിഗണന നല്കുക, ഇവിടെ മരണമടയുന്ന ഇന്ത്യക്കാരുടെ മ്യതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുക,
സൗദിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളുകൾ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനും, സ്കൂൾ ലൈബ്രറികൾ ഇന്ത്യൻ സമൂഹത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കുക, പഠനം പാതി വഴിയിൽ നഷ്ടപ്പെട്ടവര്ക്കും, ഉന്നത പഠനം ആഗ്രഹിക്കുന്നവർക്കുമായി വിദൂര പഠന കേന്ദ്രങ്ങൾ തുറക്കുക, കമ്മ്യൂണിറ്റി സ്കൂളുകളുടെ പ്രവർത്തനം ജനാധിപത്യരീതിയിൽ പുന:സംഘടിപ്പുക്കുന്നതിനായി എകീക്യത മാനദണ്ഡങ്ങൾ നടപ്പിലാക്കുക, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക, മെഡിക്കൽ സൌകര്യങ്ങൾ ലഭ്യമാക്കുക, പ്രവാസി ഇന്ത്യക്കാര്ക്ക് റേഷൻ കാർഡ്, ആധാർ,എൽ.പി.ജി. കണക്ഷൻ എന്നിവ ലഭിക്കുന്നതിലെ കാല താമസം ഒഴിവാക്കുക, റിക്രൂട്മെന്റ് ശാസ്ത്രീയമായി പരിഷ്കരിക്കുക, സൗദിയിലെ വിവിധ സാമൂഹ്യ സംഘടനകൾക്ക് ഇന്ത്യൻ എംബസ്സിയിൽ അഫിലിയേഷൻ നല്കുക തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളാണ് നിവേദനത്തലൂടെ നവോദയ ആവശ്യപ്പെട്ടിട്ടുള്ളത്.