മോഡി പ്രതികാര രാഷ്ട്രീയം കളിയ്ക്കുന്നു: ദമ്മാം ഒ ഐ സി സി

ദമ്മാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും അതിന്റെ സമുന്നതരായ നേതാക്കളെയും സമൂഹ മദ്ധ്യത്തിൽ താറടിച്ച് കാണിക്കുന്നതിന് സുബ്രഹ്മണ്യൻ സ്വാമിയെ മുന്നിൽ നിറുത്തി നരേന്ദ്ര മോഡി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ദമ്മാം ഒ ഐ സി സി കുറ്റപ്പെടുത്തി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെറാൾഡ് കേസ്. കഴിഞ്ഞ ഒന്നര വർഷക്കാലത്തെ മോഡിയുടെ ഭരണത്തിലൂടെ രാജ്യത്തുണ്ടായ അപചയങ്ങളും ജനദ്രോഹ നടപടികളും പാർലമെന്റിനകത്തും ജനസമക്ഷവും കൊണ്ട് വരുന്നതിൽ കോൺഗ്രസ് കാണിച്ച ജാഗ്രതയാണ് കോൺഗ്രസിനോട് പ്രതികാരം ചെയ്യുവാൻ നരേന്ദ്ര മോഡിയെ  പ്രേരിപ്പിക്കുന്നത്. ഇത്തരം തരംതാണ പ്രതികാര നടപടികളിലൂടെയൊന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയോ അതിന്റെ നേതാക്കന്മാരെയോ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ കഴിയുകയില്ല.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മോഡി സർക്കാർ ജനവിരുദ്ധ സർക്കാരായി മാറിക്കഴിഞ്ഞു. മോഡിയുടെ മൗനാനുവാദത്തോടെ രാജ്യത്ത് സംഘപരിവാർ ശക്തികൾ സമാന്തര ഭരണം നടത്തുകയാണ്. ഇതര ന്യൂനപക്ഷ മതവിഭാഗങ്ങളോടും തങ്ങളുടെ നിലപാടുകൾക്ക് എതിര് നിൽക്കുന്നവരോടും അസഹിഷ്ണുത കാണിക്കുന്ന സഹമന്ത്രിമാരെയും അനുചരൻമാരെയും പ്രധാനമന്ത്രി പദത്തിലിരുന്ന് കൊണ്ട് മോഡി പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൺമറഞ്ഞുപോയ മഹാരഥന്മാരായ നേതാക്കളെ സമുദായ വൽക്കരിച്ച് അവരുടെ രാഷ്ട്രീയ പിതൃത്വം തട്ടിയെടുക്കുവാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമിക്കുകയാണ്. പാർലമെന്റിനകത്ത് തങ്ങൾക്കുള്ള ഭൂരിപക്ഷത്തിന്റെ ബലത്തിൽ പ്രതിപക്ഷത്തിനെ അടിച്ചമർത്താമെന്ന മോഡിയുടെ വ്യാമോഹത്തിന് ശക്തമായ പ്രതിരോധമാണ് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റിനകത്തും രാജ്യത്താകമാനവും കോൺഗ്രസ് തീർക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ജെ പിയും ചില മാധ്യമങ്ങളും ചേർന്ന് പ്രചണ്ഡ പ്രചാരണം നൽകിയിരുന്ന മോഡി തരംഗത്തിന് കോൺഗ്രസ് അന്ത്യം കുറിച്ചു. മോഡിയുടെ തട്ടകത്തിൽ പോലും ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ  ശക്തമായ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. അതുപോലെ മറ്റ് സംസ്ഥാനങ്ങളിലും ബി ജെ പി യെ ജനം കൈവിടുകയാണ്. ഇതിലൊക്കെയുള്ള അരിശമാണ് കോൺഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുവാൻ സുബ്രഹ്മണ്യം സ്വാമിയെപ്പോലെയുള്ള ആളുകളെ സർക്കാർ ചെലവിൽ ബംഗ്ലാവും മറ്റു സൗകര്യങ്ങളും നൽകി രംഗത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെതിരെ ജനാധിപത്യ മതേതര ചേരികളുടെ ഐക്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ഒ ഐ സി സി റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ.കെ.സലിമും പ്രസ്താവനയിൽ പറഞ്ഞു.

Top