സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹോം ലെസ് പ്രതിസന്ധി മറികടക്കുന്നതിനു വേണ്ട തയ്യാറെടുപ്പുകളുമായി സെൻട്രൽ ബാങ്ക് അധികൃതർ മുന്നോട്ട്. രാജ്യത്തെ ഹോംലെസ് പ്രതിസന്ധിയിൽ സാധാരണക്കാർക്കു വീടു ലഭ്യമല്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി ശക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സാധാരണക്കാർക്കു ആശ്വാസമാകുന്ന പദ്ധതിയുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്.
ആദ്യമായി വീടു വാങ്ങുന്നവർക്ക് മോർട്ട്‌ഗേജ് ഡെപ്പോസിറ്റ് 10% ആയി കുറയ്ക്കുന്നതിനാണ് സെൻട്രൽ ബാങ്ക് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 20% ആണ് ഡെപ്പോസിറ്റായി നൽകേണ്ടത്.ഡെപ്പോസിറ്റ് കുറയ്ക്കുന്നതോടെ സ്വന്തമായി ഒരു വീട് എന്ന ധാരാളം പേരുടെ സ്വപ്നം യാഥാർത്ഥ്യമാകും. സെൻട്രൽ ബാങ്ക് ഡിസിഷൻ മേക്കിങ് ബോർഡ്, സെൻട്രൽ ബാങ്ക് കമ്മിഷൻ എന്നീ വകുപ്പുകൾ തമ്മിൽ യോഗം ചേർന്ന ശേഷം അടുത്തയാഴ്ചയാകും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുക.
നിലവിൽ 220,000 യൂറോ വരെ വിലയുള്ള വീടുകൾ വാങ്ങുന്നതിനായി, തുകയുടെ 10% മോർട്ട്‌ഗേജ് ഡെപ്പോസിറ്റ് നൽകണമെന്നാണ് വ്യവസ്ഥ. 220,000 യൂറോയ്ക്ക് മുകളിലാണ് വീടിന്റെ വിലയെങ്കിൽ 20% ആണ് ഡെപ്പോസിറ്റ് തുക. ഇത് കുറയ്ക്കാനാണ് സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ശരാശരി ഒരു വീടിന്റെ വില 253,000 യൂറോ ആണെന്നിരിക്കേ, നിലവിലെ വ്യവസ്ഥ കാരണം നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്.
ഡിപ്പോസിറ്റ് തുക കുറയ്ക്കുന്നതടക്കമുള്ള ഏതാനം പദ്ധതികൾ പുതിയ നയത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ.