സ്വന്തം ലേഖകൻ
ഡബ്ലിൻ: നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ക്രെഡിറ്റ് യൂണിയൻ സ്ഥാപനങ്ങൾക്കു സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കി സെൻട്രൽ ബാങ്ക്. രാജ്യത്തെ ക്രഡിറ്റ് യൂണിയനുകളുടെ വിശ്വാസ്യതയെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന നിലപാടാണ് ഇതോടെ ഇപ്പോൾ സെൻട്രൽ ബാങ്ക് സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മെംബർമാരുടെ ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് യൂണിയൻ സ്ഥാപനങ്ങളിൽ വരവ് വർദ്ധിച്ചതോടെ അംഗങ്ങൾക്ക് മോർട്ട്‌ഗേജ് നല്കാനുള്ള പദ്ധതികൾക്ക് സെൻട്രൽ ബാങ്കിന്റെ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അടുത്തവർഷം മുതൽ പദ്ധതി നടപ്പാക്കിയേക്കുമെന്ന് ക്രഡിറ്റ് യൂണിയൻ കേന്ദ്രങ്ങൾ സൂചന നൽകി.അടുത്ത വര്ഷം നാല്പതോ അമ്പതോ ക്രഡിറ്റ് യൂണിയനുകൾ മോർട്ട്‌ഗേജ് നൽകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രീകൃതമായിരിക്കും അപേക്ഷകൾ പരിശോധിക്കുക.പ്രാദേശിക സംഘങ്ങൾ വഴിയാകും പക്ഷെ വിതരണം.
കൊമേഴ്‌സ്യൽ ബാങ്കുകൾ മോർട്ട്‌ഗേജ് നൽകുമ്പോൾ ഉണ്ടാകുന്നത്ര നിയമതടസങ്ങളെക്കാൾ ലഘൂകരിച്ച നയങ്ങളാവും ക്രഡിറ്റ് യൂണിയനുകളിൽ നിന്നും വായ്പ ലഭ്യമാകുമ്പോൾ ഉണ്ടായേക്കുക. പദ്ധതിക്ക് വേണ്ടി ആദ്യ വർഷം ഒരു ബില്യൺ യൂറോയെങ്കിലും നീക്കിവെയ്ക്കാനാണ് ഇപ്പോഴത്തെ ആലോചന. പ്രാദേശിക തലത്തിലുള്ള അംഗങ്ങളിൽ കൂടുതലും സ്വന്തമായി വീടുള്ളവരായതിനാൽ ഇവരുടെ രണ്ടാം തലമുറയ്ക്കും,പുതിയ കുടിയേറ്റക്കാർക്കുമായിരിക്കും മോർട്ട്‌ഗേജ് പദ്ധതി വഴി കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് ക്രഡിറ്റ് യൂണിയൻ ചീഫ് എക്‌സിക്യുട്ടിവ് എഡ് ഫാരൽ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 216 മില്ല്യൺ യൂറോ വർദ്ധനവ് ലോണുകളുടെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.192ഓളം ക്രെഡിറ്റ് യൂണിയനുകളുടെ ലോണിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.രാജ്യത്ത് നിലവിൽ 281 ക്രെഡിറ്റ് യൂണിയനുകളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. 2013ൽ 375 എണ്ണം ഉണ്ടായിരുന്നു. ഈ സ്ഥാപനങ്ങളിലായി 12 ബില്ല്യൺ യൂറോയുടെ സേവിങ്‌സ് ഉണ്ടെന്നാണ് സെപ്റ്റംബർ വരെയുള്ള കണക്ക്. ഇപ്പോൾ വീട് അറ്റകുറ്റപ്പണികൾ നടത്താനാണ് കൂടുതൽ പേരും ലോൺ ആവശ്യപ്പെടുന്നത്. ഇതിനു പുറകെ കാർ, വിദ്യാഭ്യാസം എന്നിവയ്ക്കും ലോൺ നൽകുന്നു. ശരാശരി 6,300 യൂറോ ആണ് ലോൺ നൽകുന്നത്.