
ഡബ്ലിന്‍: വീടുവയ്ക്കുന്നതിനു വായ്പയെടുത്ത ശേഷം തിരിച്ചടവിനു മാര്‍ഗം കാണാതെ വിഷമിക്കുന്നവര്‍ക്കു സഹായവുമായി സര്‍ക്കാര്‍. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതു മൂലം വീട് നഷ്ടമാകാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കുന്നത്. ഇത്തരത്തില്‍ വീടു നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനുള്ള വലിയ പദ്ധതിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്.
കടബാധ്യതകള്‍ ഏറെയുള്ളവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ഐറിഷ് സര്‍ക്കാര്‍ ഏജന്‍സിയായ മണി അഡൈ്വസ് ആന്‍ഡ് ബജറ്ററി സര്‍വീസസ് നേതൃത്വമെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് വായ്പാ കുടിശിക എത്രയുണ്ടെങ്കിലും ഇവര്‍ക്കു വേണ്ട നിയമസഹായം നല്‍കി വീട് നഷ്ടമാകാതിരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
വായ്പ കുടിശികയുമായി കടക്കെണിയിലാവുന്നവരെ ഭയപ്പെടുത്തിയും അധിക ചാര്‍ജുകള്‍ ഈടാക്കിയും ഈടു വെച്ചിരിക്കുന്ന വസ്തു കൈവശപ്പെടുത്തുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഇതേ വരെ അയര്‍ലണ്ടില്‍ നിയമം ഇല്ലായിരുന്നു,ഇപ്പോള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന നിയമം അതിനൊരു പ്രതിവിധിയാവും ഫ്രീ ലീഗല്‍ അഡ്വൈസ് സെന്റര്‍ ഡയറക്ടര്‍ നോയലീന്‍ ബ്ലാക്ക് വെല്‍ പറഞ്ഞു.
ഒരാളുടെ ജീവിതകാലത്ത് ഉണ്ടാക്കുന്ന ഏറ്റവും വലിയ സമ്പാദ്യമാവും അയാളുടെ വീട്.പണവും സ്വാധീനശക്തിയും ഉള്ളവര്‍ അത് നിസാര കാരണങ്ങളുടെ പേരില്‍ കൊള്ളയടിക്കുന്നത് പോലെ കൊണ്ട് പോകുന്നത് തടയുകയാണ് പുതിയ നിയമ സഹായ പദ്ധതിയുടെ ഉദ്ദേശം. ഇന്‍സോള്‍വെന്‍സി സിസ്റ്റം അയര്‍ലണ്ട്,സിറ്റിസന്‍ ഇന്‌ഫോര്‍മേഷന്‍ സെന്റര്‍,ലീഗല്‍ എയിഡ് ബോര്‍ഡ് എന്നിവയുടെയും കൂടി ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.മന്ത്രി ഫ്രാന്‍സീസ് ഫിത്സ് ജറാള്‍ഡ് കഴിഞ്ഞ ദിവസമാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.