മോർട്ട്‌ഗേജ് നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ടുകൾ; വർധനവ് 30 ശതമാനം വരെ

സ്വന്തം ലേഖകൻ

ഡബ്ലിൻ:രാജ്യത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ മോർട്ട്‌ഗേജ് നൽകുന്നത് 30.8% വർദ്ധിച്ചതായി ബാങ്കിങ് ആൻഡ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ അയർലണ്ടിന്റെ റിപ്പോർട്ട്. നവംബർ വരെയുള്ള കാലയളവിൽ 3,377 മോർട്ട്‌ഗേജുകൾക്കാണ് അനുമതി നൽകിയത്.
അതേസമയം മോർട്ട്‌ഗേജുകളുടെ മൂല്യം 43.2% വർദ്ധിച്ചതായും റിപ്പോർട്ട് പറയുന്നു. നവംബറിൽ മാത്രം മോർട്ട്‌ഗേജ് നൽകുന്നത് 61% വർദ്ധിച്ചിട്ടുണ്ട്. ആദ്യമായി വീടു വാങ്ങുന്നവരാണ് ഇതിൽ ഏറെയും. നവംബർ മാസത്തിൽ ഈ വർദ്ധനവുണ്ടാക്കാൻ കാരണം ഒക്ടോബർ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഹെൽപ്പ് ടു ബയ് സ്‌കീമാണെന്നാണ് കരുതുന്നത്. 3,377 മോർട്ട്‌ഗേജുകൾക്കുമായുള്ള മൂല്യം ഏകദേശം 680 മില്ല്യൺ യൂറോ വരും. ആദ്യമായി വീടു വാങ്ങുന്നവർ മോർട്ട്‌ഗേജ് എടുക്കുന്നത് വർഷാവർഷം 28.6%വും, വീട് മാറ്റി വാങ്ങുന്നവരുടേത് 32.4%വും വർദ്ധിക്കുന്നുണ്ട്. സെൻട്രൽ ബാങ്കിന്റെയും സർക്കാരിന്റെയും പുതിയ നയങ്ങൾ ഇവയ്ക്ക് പ്രോത്സാഹനമാണ്.
അതേസമയം 2017ൽ മോർട്ട്‌ഗേജുകൾ 19% വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരായ ഗുഡ്‌ബോഡി പറയുന്നത്.ലെൻഡിങ് മേഖല വളർച്ചയുടെ പാതയിലാണ്. ഭവനമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ ഐറിഷ് കത്തോലിക്കാ സഭയുടെ അധിപൻ,ആർമയിലെ ആർച്ച് ബിഷപ്പ് ഇമാൻ മാർട്ടിൻ രംഗത്തെത്തിയത് ആകാംക്ഷയോടെയാണ് ജനം കണ്ടത്.വളരെ കാലം കൂടി സർക്കാർ നയങ്ങൾക്കെതിരെ രംഗത്തെത്തിയ ഐറിഷ് സഭയുടെ തലവൻ, വിദേശ വൾച്ചർ ഫണ്ടുകളെ സർക്കാർ നിയന്ത്രിക്കണം എന്ന ആവശ്യമുയർത്തി.
പ്രതിസന്ധിയിലായേക്കുമെന്ന എസ്റ്റേറ്റ് മാഫിയയുടെ പ്രചാരണത്തിൽ ഭയപ്പെട്ടിട്ടാണ് ജനങ്ങൾ വീടുകൾ വാങ്ങാൻ തിരക്ക് കൂട്ടുന്നതെന്ന് ഭവനമേഖലയിലെ സന്നദ്ധ പ്രവർത്തകനായ ഫാ,മാക്വെറി ഇന്നലെ ആരോപിച്ചിരുന്നു.രാജ്യത്ത് ഭവനപ്രതിസന്ധി എന്നത്തേക്കാളും അധികമായിരിക്കുകയാണെന്ന് ഫാദർ മക് വെറി ചൂണ്ടിക്കാട്ടി. വാടക താങ്ങാൻ കഴിയാത്തതിനാൽ പലർക്കും വീടുകൾ ഒഴിഞ്ഞുകൊടുക്കേണ്ടിവരികയാണ്. വൾച്ചർ ഫണ്ടുകൾ കൈവശപ്പെടുത്തിയ വീടുകളിൽ നിന്നുമാണ് വാടകക്കാർ കൂടുതലായി ഒഴിപ്പിക്കപ്പെടുന്നത്.
1860കളിലെ ദരിദ്രകാലത്തിന് സമാനമാണ് അയർലണ്ടിൽ ഇപ്പോഴത്തെ സ്ഥിതി എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഇംഗ്ലിഷുകാരും വിദേശ ഭൂവുടമകളുമായിരുന്നു ഐറിഷുകാരെ കുടിയൊഴിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് അത് വൾച്ചർ ഫണ്ടുകളും വിദേശ ഭൂവുടമകളുമാണ് അത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ 14ാമത്തെ രാഷ്ട്രമായിട്ടുപോലും അയർലണ്ടിന് ഈ സ്ഥിതി നേരിടേണ്ടിവരുന്നു. രാജ്യത്ത് നിലവിൽ തിരിച്ചടയ്ക്കാത്തതായി 50,000ഓലം മോർട്ട്‌ഗേജുകളാണ് ഉള്ളതെന്നു പറഞ്ഞ മക് വെറി, ഇവ വൾച്ചർ ഫണ്ടിന് എഴുതിക്കൊടുക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നതെന്ന കാര്യവും ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top