രണ്ടു വയസുള്ള രണ്ടു കുട്ടികളെ കാറിനകത്തു തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. പുറത്തു ചുട്ടുപൊള്ളുന്ന വെയിലുളളപ്പോൾ ആണ് കുട്ടികളെ കാറിനുള്ളിലാക്കി പുറത്ത് പോയത് .കുട്ടികൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ ആയിരിന്നു .ഇവർ പുറത്തുപോയ ഉടനെ അതുവഴി വന്ന ഒരാൾ കാറിന്റെ സണ്‍റൂഫ് തുറന്നിരിക്കുന്നതു കണ്ടു നോക്കിയപ്പോൾ അകത്തു രണ്ടു കുട്ടികൾ ചൂടേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെത്തുകയായിരുന്നു.
ഇയാൾ ഉടൻ തന്നെ റൂഫിനുള്ളിലൂടെ കടന്നു കാറിന്റെ പിൻസീറ്റിൽ ബെൽറ്റിട്ട് ഇരുത്തിയിരുന്ന രണ്ടു കുട്ടികളേയും പുറത്തെടുത്തു തന്റെ കാറിലേക്കു കൊണ്ടുവന്നു.കാർ ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു എന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.ഡിഎച്ച്എസും ഒക്ലഹോമ പൊലീസ് ഡിപ്പാർട്മെന്റും അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചു. കുട്ടികളെ മെഡിക്കൽ ഇവാലുവേഷനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
ഞായറാഴ്ച വാൾമാർട്ടിന്റെ കാർ പാർക്കിംഗിലായിരുന്നു സംഭവം. എലിസബത്ത് ബാബ്(29) എന്ന യുവതിയെയാണു പോലീസ് അറസ്റ്റ് ചെയ്തത്. അലസമായി കുട്ടികളെ കാറിൽ തനിച്ചാക്കി ഡോർ ലോക്ക് ചെയ്തതിനാണ് കേസ്.ഉച്ചതിരിഞ്ഞു 2.22 ന് പാർക്കിംഗ് ലോട്ടിൽ കാർ ഇട്ടശേഷം മാതാവ് പുറത്തു പോകുന്നതും 2.28ന് തിരിച്ചു വരുന്നതും അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.