നിനക്ക് മാലാഖമാരെ നേരില്‍ കാണാന്‍, നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം’, മകളെ വെള്ളത്തില്‍ മുക്കി കൊല്ലുന്നതിന് മുന്‍പ് ഒരു അമ്മ പറഞ്ഞ വാക്കുകളാണിത്. നാല് വയസ്സുള്ള മകളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം പൂന്തോട്ടത്തില്‍ വെച്ച് മൃതദേഹത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു.
സൗത്ത് വെയില്‍സ് ഗ്രാമത്തിലെ വീട്ടിലെ പൂന്തോട്ടത്തിലുള്ള കോഫി ടേബിളിന് ചുവടെയായിരുന്നു അമേലിയ ബ്രൂക് ഹാരിസിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ് പുറത്ത് എത്തിച്ച് ഷീറ്റ് ഉപയോഗിച്ച് മൂടിയ ശേഷമായിരുന്നു ക്രൂരത. പ്രിയപ്പെട്ട മകളെ കൊല ചെയ്യുമ്പോള്‍ 38കാരിയായ അമ്മ കാര്‍ലി ആന്‍ ഹാരിസിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ജൂറി മനസ്സിലാക്കുന്നു. മകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കൂടാതെ രണ്ട് ദിവസത്തിന് ശേഷം പുനര്‍ജീവിക്കുമെന്നും ഇവര്‍ കരുതി.
ദൈവത്തോടുള്ള ഭക്തി തെളിയിക്കാനാണ് മകളെ ഇവര്‍ ബലി നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ മാലാഖമാരും യേശുവും പറഞ്ഞത് അനുസരിച്ചാണ് ഈ ചെയ്ത്ത് ചെയ്തതെന്നായിരുന്നു ഹാരിസിന്റെ പ്രതികരണം. കൂടാതെ തന്നില്‍ എന്തോ ബാധ കയറിയെന്നും ഇവര്‍ പറഞ്ഞിരുന്നു. അമേലിയയുടെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ കേട്ടിരിക്കാന്‍ കഴിയാത്ത ഒരു ജൂറര്‍ പത്ത് മിനിറ്റ് നേരത്തേക്ക് കോടതിയില്‍ നിന്നും ഇറങ്ങിപ്പോയി.
അമ്മ മകളെ കൊന്നതൊന്നും അറിയാതെ ജൂണ്‍ എട്ടിന് വീട്ടിലെത്തിയ ഹാരിസിന്റെ 17കാരനായ മൂത്ത മകനാണ് സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വീട്ടിലെത്തിയ സഹോദരന് മുന്നില്‍ കരഞ്ഞ് കൊണ്ട് എത്തിയ 11 വയസ്സുള്ള ഇളയ സഹോദരന്‍ പിന്‍വശത്തേക്ക് പോകേണ്ടെന്ന് പറഞ്ഞു. അമ്പരന്ന് പോയ മകനോട് അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയെന്നും, ഞായറാഴ്ച തിരിച്ചുവരുമെന്നും അമ്മ പ്രതികരിച്ചു. ഓടിപ്പോയി ഗാര്‍ഡനില്‍ എത്തിയ മകന്‍ കോഫി ടേബിളിന് താഴെയുള്ള പൊതിക്കെട്ട് കണ്ടപ്പോള്‍ ഇത് നീക്കി നോക്കുകയും അമേലിയയുടെ കത്തിക്കരിഞ്ഞ കാലാണ് കാണുകയും ചെയ്തത്. നിങ്ങളെന്റെ കുഞ്ഞ് സഹോദരിയെ കൊന്നോ, എങ്ങിനെ ഇത് സാധിച്ചുവെന്ന് മൂത്ത മകന്‍ ബഹളം വെയ്ക്കുന്നത് അയല്‍ക്കാര്‍ കേട്ടതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
പാരാനോയിഡ് ഷീസോഫ്രെനിയ ബാധിച്ച ഹാരിസിന് തന്നെ ദൈവം പരീക്ഷിക്കുന്നതായാണ് തോന്നിയിരുന്നത്. ഇപ്പോള്‍ ചെയ്യുന്നത് തെറ്റാണെന്ന് ബോധമില്ലാത്ത അമ്മയ്ക്ക് എന്ത് ശിക്ഷ നല്‍കുമെന്നാണ് കോടതിയുടെ സംശയം.