സ്വന്തം ലേഖകൻ
ഫോർട്ട് വർത്ത്: സുപ്രസിദ്ധ പിയാനിസ്റ്റ് വധ്യം കൊളഡങ്കോയുടെ അഞ്ചും ഒന്നും വയസുള്ള രണ്ടു പെൺകുട്ടികൾ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുട്ടികളുടെ മാതാവ് സോഫിയ സൈഗൻ കോവയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ബെൻബ്രൂക്ക് പൊലീസ് കമാൻഡർ ഡേവിഡ് ബാബു കോക്കാണ് ഈ വിവരം മാധ്യമങ്ങൾക്കു നൽകിയത്.
വ്യാഴാഴ്ചയായിരുന്നു രണ്ടു കുട്ടികളെ മരിച്ച നിലയിൽ അവരുടെ ബെഡുകളിലും, സോഫിയായെ മുറിവേറ്റ നിലയിൽ വീടിനുള്ളിലും കണ്ടെത്തിയത്. യുക്രെയിൻ വംശജരായ ദമ്പതിമാർ 2014 ലാണ് ഫോർട്ട് വർത്തിലെത്തിയത്. വാൻ ക്ലിബേൺ ഇന്റർനാഷണൽ പിയാനോ മത്സരത്തിൽ കൊളഡങ്കോക്കിന് ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.
2010 ൽ വിവാഹിതരായ ഇവർ കുടംബപ്രശ്‌നങ്ങളെ തുടർന്നു വിവാഹമോചനത്തിനു നടപടികൾ സ്വീകരിച്ചിരുന്നു. രണ്ടു കുട്ടികളെയും പിതാവ് കൊണ്ടു പോകേണ്ട ദിവസമാണ് ഇവർ കൊല്ലപ്പെട്ടത്. സ്വയം മുറിവേൽപ്പിച്ചു എന്നു കരുതുന്ന സോഫിയയെ ഫോർട്ട് വർത്ത് ആശുപത്രിയിൽ ചികിത്സിക്കുന്നതിനും മാനസികാവസ്ഥ വിലയിരുത്തുന്നതിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. സോഫിയായ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രണ്ടു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ കൊലപാതകത്തിലേയ്ക്കു നയിച്ച കാരണങ്ങളെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.