
പി.പി ചെറിയാൻ
കരോൾട്ടൻ (ഡാള്ളസ്): ക്രൈസ്തവ സംഗീതാസ്വാദകരെ ഭക്തിസാഗരത്തിലാറാടിച്ച സംഗീത വിരുന്നിനു കരോൾട്ടൺ ബിലീവേഴ്‌സ് ബൈബിൾ ചാപ്പൽ വേദിയായി. സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ഡാള്ളസിൽ തകർത്തു പെയ്ത മഴ വൈകുന്നരം ശക്തമായതോടെ ഡാള്ളസ് ഫോർട്ട് വർത്ത് മെട്രോ പ്ലേക്‌സിലെ വിവിധ ചർച്ചകളിൽ നിന്നും നിരവധി പേരാണ് ക്രൈസ്തവ സംഗീത വിരുന്ന് ആസ്വദിക്കാൻ എത്തിയിരുന്നത്.
ഫിലിപ്പ് ആൻഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം ജോർജ് പി.തോമസിന്റെ പ്രാർത്ഥനാ സംഗീത സായാഹ്നത്തിനു തുടക്കമായി. ഫെർളി വിക്ടർ എബ്രഹാം, ലിഡിയ, ബെക്ലി ഫിലിപ്പ് ആൻഡ്രൂസ് എന്നിവർ ചേർന്ന് ആലപിച്ച ആദ്യ ഗാനം തന്നെ ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതായിരുന്നു.
തുടർന്നു അനുഗ്രഹീത ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമായ മാത്യു ജോണും, സംഗീത ഉപകരണങ്ങളിൽ മാന്ത്രിക കൈവിരലുകൾ ചലിപ്പിച്ചു. സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേയ്ക്കു ആനയിക്കുകയും ചെയ്ത സംഗീത സംവിധായകൻ സുനിൽ സോളമനും വിവിധ ഭാഷകളിൽ രൂപപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചപ്പോൾ ഹാളിലുണ്ടായിരുന്നവർ കരഘോഷത്തോടെയാണ് ഗായക സംഘാംഗങ്ങൾക്കു ആവേശം പകർന്നത്.
ആദ്യ പകുതിയ്ക്കു ശേഷം ഇന്ത്യയിൽ നിന്നുംസന്ദർശനത്തിനെത്തിയ അലൻ കെ.റോയി നടത്തിയ വചന പ്രഘോഷണവും സാക്ഷ്യവും ഏറെ ഹൃദ്യമായി രണ്ടു മണിക്കൂറിലധികം നീണ്ടു നിന്ന സംഗീത വിരുന്ന് ജിജി ചേരിക്കലിന്റെ നന്ദി പ്രകാശത്തോടും ജോജു പി.തോമസിന്റെ പ്രാർത്ഥനയോടെ രാത്രി ഒൻപതു മണിയോടെ സമാപിച്ചു.