സ്വന്തം ലേഖകൻ
ജോർജിയ: യോഗാ പരിശീലന ക്ലാസ് ആരംഭിക്കുന്നതിനു മുൻപു നമസ്‌തേ പറയുന്നതിനെതിരെ യുഎസിലെ ജോർജിയയിലെ സ്‌കൂളിലെ മാതാപിതാക്കൾ. നമസ്‌തേ നിരോധിക്കണമെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ യോഗയ്ക്കു മുൻപുള്ള നമസ്‌തേ നിരോധിക്കാൻ നടപടികൾ സ്വീകരിച്ചു. ഇതു സംബന്ധിച്ചു സ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കു പ്രിൻസിപ്പൽ ഇ-മെയിൽ അയച്ചിട്ടുണ്ട്.
ജോർജിയ ബുള്ളാർഡ് എലിമെന്ററി സ്‌കൂളിലെ മാതാപിതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചു സ്‌കൂൾ പ്രിൻസിപ്പാളിനു കത്തയച്ചത്. ക്രിസ്‌ത്യേതര വിശ്വാസം വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനെ തുടർന്നു മാതാപിതാക്കളുടെ യോഗം വിളിച്ചു ചേർത്താണ് സ്‌കൂൾ അധികൃതർ തീരുമാനം എടുത്തത്.
കൈകൾ കൂപ്പിപ്പിടിച്ചു നമസ്‌തേ പറയുന്നത് യോഗാ ക്ലാസിൽ വർഷങ്ങളായി തുടർന്നു വന്നിരുന്നതാണ്. മാനസിക സംഘർഷം കുറയ്ക്കുന്നും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനുമാണ് അമേരിക്കയിലെ വിവിധ സ്‌കൂളുകളിൽ യോഗ പരിശീലനം ആരംഭിച്ചിരുന്നത്.
യുഎസിലെ ചില സ്‌കൂളുകളിൽ യോഗ ഇലക്ടീവ് കോവ്‌സായി പോലും അംഗീകരിച്ചിട്ടുണ്ട്്. 2013 ൽ കാലിഫോർണിയയിൽ സംസ്ഥാനത്തെ സ്‌കൂളിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. ഹിന്ദുയിസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നത്. എന്നാൽ, സ്്കൂൾ അദികൃതർ ഇവരുടെ ആവശ്യം തള്ളുകയും വെൽനസ് പ്രോഗ്രാമിന്റെ ഭാഗമായാണ് യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നതെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതു ചില ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഈ പ്രവണത വളർന്നു വരുന്നത് ഗുണത്തേക്കാളേറെ കൂടുതൽ ദോഷ്ം ചെയ്യുമെന്നാണ് വിദഗ്ധ അഭിപ്രായം.