പി.പി ചെറിയാൻ
വാഷിങ്ടൺ: അമേരിക്കയുടെ വിവിധ മേഖലകളിൽ ഇന്ത്യൻ അമേരിക്കൻ വംശജർ നൽകിയ വിലയേറിയ സംഭാവനകളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. മെയ് എട്ട് ബുധനാഴ്ച യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മോദി ഇന്ത്യൻ അമേരിക്കൻ വംശജരെ പ്രശംസിച്ചു സംസാരിച്ചത്.
അമേരിക്കയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് അമേരിക്കയിൽ അധിവസിക്കുന്ന മൂന്നു മില്യൺ ഇന്ത്യക്കാരെ മോദി വിശേഷിപ്പിച്ചത്. അമേരിക്കയിലെ വൻകിട കമ്പനികളിൽ സിഇമാർ ശാസ്ത്രജ്ഞർ സാമ്പത്തിക വിദഗ്ധർ, ഡോക്ടർമാർ സ്‌പെല്ലിങ് ബി ചാംപ്യൻമാർ എന്നിവർ ഇന്ത്യക്കാരുടെ അഭിമാനമാണെന്നു പറഞ്ഞപ്പോൾ യുഎസ് കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റു നിന്നു മോദിയെ അഭിവാദ്യം ചെയ്തു.
യോഗയുടെ പിതൃത്വം അവകാശപ്പെടുന്നില്ലെങ്കിലും പ്രാചീനകാലം മുതൽ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമായി മാറിയ യോഗ അമേരിക്കയിലെ 30 മില്യൺ ജനങ്ങൾ പരിശീലിക്കുന്നതായി മോദി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ നാലു പേരാണ് മോദിക്കു മുൻപു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിട്ടുള്ളത്. രാജീവ്ഗാന്ധി, പി.വി നരസിംഹറാവും, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരാണ് യുഎസ് കോൺഗ്രസിൽ പ്രസംഗി്ച്ചിട്ടുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാർ. മോദിയുടെ പ്രസംഗം പ്രധാന അമേരിക്കൻ ടെലിവിഷനുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.