പരിസ്ഥിതി കാമ്പയിന്‍ ശ്രദ്ധേയമായി

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്നും കുട്ടികളും മുതിര്‍ന്നവരും ഈ ബാധ്യത തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകപരിസ്ഥിതി കാമ്പയിന്‍ ശ്രദ്ധേയമായി. പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്‌ഘോഷിച്ച കാമ്പയിന്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മപ്പെടുത്തി.
അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും, വനനശീകരണം, വ്യവസായവല്‍ക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും കാമ്പയിന്‍ അടയാളപ്പെടുത്തി. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാര്‍ബണ്‍ വികിരണം, ഊര്‍ജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെളളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങളും കാമ്പയിനില്‍ വിഷയീഭവിച്ചു.

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ കാമ്പയിന്‍ ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുവാന്‍ സമൂഹം ഓറ്റക്കെട്ടായി നിലകൊള്ളണം. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും ഉദ്‌ബോധിപ്പിച്ച കാമ്പയിന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുളള ശക്തമായ സന്ദേശമാണ് നല്‍കിയത്. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികള്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിര്‍മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയെ സംരക്ഷിക്കുമെന്നും കാമ്പയിന്‍ അടിവരയിട്ടു.
ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം ഓരോരുത്തരും പരിസ്ഥി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഉദ്‌ബോധിപ്പിച്ചപ്പോള്‍ കുരുന്നു പ്രതിഭകള്‍ പരിസ്ഥിതി ദിന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പ്‌ളേക്കാര്‍ഡുകളും പെയിന്റിംഗുകളും ഉയര്‍ത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ മാര്‍ച്ച് സന്ദേശ പ്രധാനമായിരുന്നു. നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാന്‍ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാല്‍ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സംഘാടകരും പ്രായോജകരും സായൂജ്യരായി.
എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്, വൃത്തിയുളളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്‌നം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ ഖത്തറിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിസ്ഥിതി സംബന്ധിച്ച കുരുന്നു പ്രതിഭകളുടെ കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും ഏറെ നിലവാരമുള്ളതും കാര്യമാത്ര പ്രസക്തവുമണെന്ന് അവരുടെ രചനകള്‍ ഉദ്‌ഘോഷിച്ചു.
ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മല്‍സര വിജയികളെ ആദരിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, അക്കോണ്‍ ഗ്രൂപ്പ് വെന്‍ച്വര്‍സ് ചെയര്‍മാന്‍ ശുക്കൂര്‍ കിനാലൂര്‍, സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഡോ. ബേനസീര്‍ ലത്തീഫ് നാസര്‍, റഫീഖ് മേച്ചേരി, വിംഗ്‌സ് ഫ്രഷ് ഫുഡ് ഡയറക്ടര്‍ മനു ജോസഫ്് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൗഹറലി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടില്‍, സിയാഹു റഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യൂ തോമസ്, ഖാജാ ഹുസൈന്‍, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇ്ന്റസ്‌ക്കൂള്‍ പെയിന്റിംഗ് മല്‍സരത്തില്‍ ഓവറോള്‍ കിരീടം നേടിയ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളിനുള്ള കിരീടം ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും അതിഥികളും ചേര്‍ന്നാണ് സമ്മാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോ. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായി നടന്ന ഇന്റര്‍സ്‌ക്കൂള്‍ പെയിന്റിംഗ് മല്‍സരത്തില്‍ ഓവറോള്‍ കിരീടം നേടിയ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളിനുള്ള കിരീടം ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും അതിഥികളും ചേര്‍ന്ന് സമ്മാനിക്കുന്നു.

Top