പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിയ്ക്കുക : നവയുഗം.

ദമ്മാം: പ്രവാസി ഇന്ത്യക്കാരോടുള്ള ചിറ്റമ്മനയം കേന്ദ്രസർക്കാർ അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ളവ ഇന്ത്യയിൽ നിന്നും സ്വന്തം പൗരന്മാരെ പ്രത്യേക വിമാനത്തിൽ സ്വന്തം നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടു പോയത് നാം കണ്ടു. പാകിസ്ഥാൻ പോലും യു.എ.ഇയിലുള്ള സ്വന്തം പൗരന്മാരെ മടക്കികൊണ്ടു പോകാൻ നടപടി സ്വീകരിച്ചു വരുന്നു.  ഒരു രാജ്യത്തിന് അതിന്റെ പൗരന്മാരോടുള്ള ഉത്തരവാദിത്വമാണത്. എന്നാൽ ആ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുകയാണ് ഇന്ത്യൻ ഗവൺമെന്റ് ചെയ്യുന്നത്.

കൊറോണ രോഗഭീതിയിൽ ഗൾഫ് രാജ്യങ്ങളിൽ പരിഭ്രാന്തരായി കഴിയുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന പരസ്യമായ നിലപാടെടുത്ത മോഡി സർക്കാർ, ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിസിറ്റ് വിസയിൽ എത്തിപെട്ടു പോയവരും, മറ്റു രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവരും, ഗർഭിണികളും അടക്കമുള്ള പ്രവാസികളെ അടിയന്തരമായി ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ടു പോകണമെന്ന് നവയുഗം ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും, തിരിച്ചു വരുന്ന പ്രവാസികളെ ക്വറന്റൈൻ ചെയ്യാനും ചികിത്സിയ്ക്കാനുമുള്ള എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ടെന്ന് കേരളസർക്കാർ അടക്കം പല സംസ്ഥാന സർക്കാരുകളും കേന്ദ്രത്തെ അറിയിച്ചിട്ടും,ആ ആവശ്യത്തോട് മുഖം തിരിച്ചു നിൽക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ വിഷയത്തിൽ പ്രവാസി സംഘടനകൾ നൽകിയ കേസുകളിൽ പോലും, കോടതികളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന സത്യവാങ്മൂലങ്ങളാണ് കേന്ദ്രസർക്കാർ നൽകുന്നത്. ലക്ഷക്കണക്കിന്  പ്രവാസികളെ വെറും കറവപ്പശുക്കളായി മാത്രം കാണുന്ന കേന്ദ്രസർക്കാർ നിലപാടിന്റെ തുടർച്ചയാണിത്.

പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും, അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചു കാണിച്ച ആത്മാർത്ഥതയുടെ ഒരംശമെങ്കിലും, സ്വന്തം പൗരന്മാരായ പ്രവാസി ഇന്ത്യക്കാരെക്കുറിച്ചു മോദിയും, അമിത്ഷായും കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ പ്രവാസികളും അല്ലാത്തവരുമായ എല്ലാ ഇന്ത്യക്കാരും ശക്തമായി പ്രതിഷേധിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Top