സ്വന്തം ലേഖകൻ
ദമ്മാം: നവോദയ സാംസ്കാരിക വേദി 15ആം വാര്ഷകാഘോഷവും, നവമ്പർ 25 നു ഖോബാർ ബീച്ച് റിസോർട്ടിൽ വെച്ച് നടക്കുന്ന ഇന്ത്യ ഫെസ്റ്റ് 2016 ന്റെ ഔദ്യോഗിക ലോഗോ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദമ്മാം പാരഗൺ ഹോട്ടലിൽ വെച്ച നടന്ന ചടങ്ങിൽ നവോദയ കേന്ദ്ര കമ്മറ്റി ജനറൽ സിക്രട്ടറി പ്രഭാകരൻ കണ്ണൂർ ഉത്‌ഘാടനംചെയ്ത് സംസാരിച്ചു. ത്യാഗ സന്നദ്ധരായ ഒരു കുട്ടം പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ പ്രവാസ ഭൂമികയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ അണിനിരത്തികൊണ്ട് മഹത്തായ ജനകീയ പ്രസ്ഥാനമായി മാറുവാൻ നവോദയക്ക് സാധിച്ചത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാനാവിശ്യമായ തുടര്നടപടികൾക്ക് നേതൃത്തം നൽകാൻ എല്ലാ നവോദയ പ്രവർത്തകർക്കും സാധിക്കണം, അത് പോലെ തന്നെ മതനിരപേക്ഷ സമൂഹത്തെ ഊട്ടി ഉറപ്പിക്കുന്നതിനാവശ്യമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടാവണം എന്ന അദ്ദേഹം ഉത്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് ഇന്ത്യ ഫെസ്റ്റ് 2016ന്റെ ലോഗോ പ്രകാശനം നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോർജ് വർഗീസ്,എം. എം. നയി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. രക്ഷാധികാരി കമ്മറ്റി കൺവീനർ ആസാദ് തിരൂർ ഇന്ത്യ ഫെസ്റ്റ് 2016ന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഭാരവാഹികളെ കുറിച്ചും വിശദീകരിച്ചു. സൗദി അറബിയയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ മുഴുവൻ കലാരൂപങ്ങളെയും ഒന്നിച്ച് ഒരേ സ്റ്റേജിൽ ആണിനിരത്തുന്നു. കാശ്മീർ മുതൽ കന്ന്യാകുമാരി വരെയുള്ള രുചി ഭേദങ്ങളുടെ കുടിച്ചെരൽ. ഇൻഡോ അറബ് സാംസ്കാരിക തനിമയുടെ പ്രദര്ശനം, സിനിമ സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരുടെ സാന്നിധ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ ഫെസ്റ്റ് 2016 എന്ന് ആസാദ് തിരൂർ അഭിപ്രായപ്പെട്ടു.
കേന്ദ്ര ജോ. സിക്രട്ടറി സൈനുദ്ധീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രസന്നൻ പന്തളം അധ്യക്ഷനായിരുന്നു. രക്ഷാധികാരി സമിതി അംഗങ്ങളായ രവി പാട്യം, ഹനീഫ മൂവാറ്റുപുഴ എന്നിവർ ആശംസ നേർന്നു. തുടർന്ന് നവോദയ അംഗങ്ങൾ നേതൃത്തം നൽകിയ ഗാനസന്ധ്യ അരങ്ങേറി. കേന്ദ്ര കമ്മറ്റി ട്രഷറർ സുധീഷ് തൃപ്പയാർ നന്ദി പ്രകാശിപ്പിച്ചു.