ദമ്മാം:- വികലമായ തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം മുഖം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പരിശ്രമത്തിന്‍റെ ഭാഗമായി മാത്രമേ ട്രാന്‍സ്പ്പോര്‍ട്ടേഷന്‍റെ പേരില്‍ 10 SR വര്‍ധിപ്പിക്കുന്നത് കാണാന്‍ കഴിയുകയുള്ളൂ. രക്ഷിതാക്കളില്‍നിന്നുമുയര്‍ന്ന സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി ഡ്യുയല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നും പിന്മാറേണ്ടി വന്നെങ്കിലും ഇപ്പോള്‍ ട്രാന്‍സ്പ്പോര്‍ട്ടിംഗ് നഷ്ടം നികത്തുന്നതിനു വേണ്ടി മുഴുവന്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കുന്നത് ലജ്ജാകരവും വിദ്യാഭ്യാസമാനുവലിന് വിരുദ്ധവുമാണ്.
സ്കൂള്‍ നടത്തിപ്പും ഗതാഗതസംവിധാനവും രണ്ടായി കാണാന്‍ അനുശാസിക്കുന്ന മാനുവലിനെ നിയമത്തിനു വിരുദ്ധമായി ഫീസ് വര്‍ധിപ്പിക്കുകയും അത് 12 മാസം ഈടാക്കി ഫീസ് എന്ന വ്യാജേന ട്രാന്‍സ്പ്പോര്‍ട്ടിംഗ് ഫണ്ട് ഈടാക്കുന്നത് മുഴുവന്‍ രക്ഷാകര്‍ത്താക്കളേയും കബളിപ്പിക്കുന്നതും, അനുശാസിക്കുന്ന മാനദണ്ഡങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുമാണ്. സ്കൂള്‍ ട്രാന്‍സ്പ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ ഇന്നേ വരെ നഷ്ടമുണ്ടാകാത്ത സാഹചര്യത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനത്തിലൂടെ തുക ഈടാക്കുന്നതിന് പകരം മുഴുവന്‍ വിദ്യാര്‍ഥികളെയും അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. നിലനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ നേരിടുന്നതിനുള്ള വ്യാകുലത തന്നെയാണ് നടത്തിയ സര്‍വേയില്‍ ഇതിനെതിരെ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം നിഷേധിച്ചതിലൂടെ വ്യകതമാകുന്നത്. ഇപ്പോള്‍ ജനശ്രദ്ധയില്‍ വരാത്തവണ്ണം പരീക്ഷയുടെ അവസാനദിവസം സര്‍ക്കുലര്‍ ഇറക്കി ഫീസ് വര്‍ധനവ് നടപ്പിലാക്കാന്‍ കാണിക്കുന്ന വ്യഗ്രത വികൃതമായ മുഖം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളായ് മാത്രമേ കാണാന്‍ കഴിയൂ. ഇനിയും പരിഹാസ്യരാകാതെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സമൂഹത്തിന്‍റെയും താല്പര്യസംരക്ഷകര്‍ ആകാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ മാനജ്മെന്റ്റ് കമ്മറ്റി തയ്യാറാവണമെന്ന് നവോദയ ആവശ്യപ്പെടുന്നു.