സൗദി: സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. കിംഗ് സൗദ് സര്‍വ്വകലാശാലയിലെ 500 ഓളം വരുന്ന മെഡിക്കല്‍ പ്രൊഫഷണലുകളാണ് ഭീഷണി നേരിടുന്നത്. സിവില്‍ സര്‍വ്വീസ് മന്ത്രാലയം കരാര്‍ പുതുക്കി നല്‍കാന്‍ തയ്യാറാവാത്തതാണ് തൊഴില്‍ പ്രതിസന്ധിയ്ക്ക് പിന്നില്‍.
സൗദ് സര്‍വ്വകലാശാല പ്രവാസികളായ 478 മെഡിക്കല്‍ പ്രൊഫഷണലുകളുടെ കരാര്‍ പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും മന്ത്രാലയം കരാര്‍ പുതുക്കി നല്‍കാന്‍ തയ്യാറായില്ല. ഇവര്‍ ഏറെക്കാലം സൗദിയില്‍ ജോലി ചെയ്തതാണെന്നും അതിനാല്‍ തല്‍സ്ഥാനത്ത് പകരക്കാരെ നിയമിക്കാമെന്നുമാണ് മന്ത്രാലയം വിശദീകരണം. അറബി ദിനപത്രമായ അല്‍ വത്താനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍വ്വകലാശാലയില്‍ പത്ത് വര്‍ഷത്തിലധികം ജോലി ചെയ്ത സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 516 മെഡിക്കല്‍ പ്രൊഫഷണലുകളുടെ കരാര്‍ പുതുക്കുന്നതിനായി സിവില്‍ സര്‍വ്വീസ് മന്ത്രാലയത്തെ സമീപിച്ചെന്നും ഈ ആവശ്യമാണ് സിവില്‍ സര്‍വ്വീസ് മന്ത്രാലയം നിരസിച്ചതെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.