റിയാദ്:ഇന്ത്യയ്‌ക്ക് പിന്നാലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പുതിയ കറന്‍സി സൗദിയില്‍ പുറത്തിറക്കി. നാണയങ്ങളും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ നോട്ടുകളും നാണയങ്ങളും പുറത്തിറക്കിയിട്ടുള്ളത്.അമേരിക്കന്‍ ഡോളറിന്റെ സുരക്ഷയ്‌ക്ക് ഉപയോഗിക്കുന്ന 3 ഡി സെക്യൂരിറ്റി റിബണ്‍ പുതിയ നോട്ടിലുണ്ട്.
പുതിയ നോട്ടിന്റെയും നാണയങ്ങളുടെയും ആദ്യവിതരണം തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. സല്‍മാന്‍ രാജാവിനു നോട്ടും നാണയവും കൈമാറിക്കൊണ്ടായിരിക്കും വിതരണോദ്ഘാടനം നടക്കുക. ഈ മാസം 26 മുതലാണ് പുതിയ നോട്ടുകളും നാണയങ്ങളും വിപണിയില്‍ ലഭ്യമായിത്തുടങ്ങുക.പുതിയ കറന്‍സികളില്‍ ഒരു റിയാലിന്റെ നോട്ട് ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.
അഞ്ഞൂറ് റിയാല്‍ നോട്ടില്‍ രാഷ്‌ട്ര സ്‌ഥാപകന്‍ അസീസ് രാജാവിന്റെ ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്. സൗദി കറന്‍സിയുടെ ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. അന്തരിച്ച അബ്‌ദുള്ള രാജാവിന്റെ കാലത്താണ് അഞ്ചാം പതിപ്പ് ഇറക്കിയത്. 2007 മെയില്‍ 100, 50 റിയാലിന്റെ നോട്ടുകളുടെയൂം 2007 ജൂണില്‍ 10, 5 റിയാലിന്റെ നോട്ടുകളുടെയും 2007 സെപ്‌റ്റംബറില്‍ 500 റിയാലിന്റെയും 2007 ഡിസംബറില്‍ ഒരു റിയാലിന്റെയും കറന്‍സികള്‍ ഇറക്കിയത്.