ദുബൈ : ഇതിഹാസകഥാപാത്രമായ കര്‍ണ്ണനാകാന്‍ നടന്‍ പൃഥ്വീരാജ് ഒരുങ്ങുന്നു. ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലാണ് പൃഥ്വീരാജ് കര്‍ണ്ണനാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ദുബായില്‍ നടന്നു. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും കര്‍ണ്ണനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ദുബായി ബുര്‍ജ് അല്‍ അറബില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാണ് കര്‍ണ്ണന്റെ പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. മഹാഭാരത്തിലെ കര്‍ണ്ണനെ കേന്ദ്രീകരിച്ചുള്ള ചിത്രം മലയാളത്തെ കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് സ്വപ്‌നം കാണാന്‍ കഴിയാത്ത അത്ര വലിയ ബജറ്റിലായിരിക്കും കര്‍ണ്ണന്‍ പൂര്‍ത്തിയാകുക എന്ന് പൃഥ്വീരാജ് പറഞ്ഞു.
ചിത്രത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രീകരണം എപ്പോള്‍ തുടങ്ങാനാകും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്‍ എത്തിയിട്ടില്ല. ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ അടക്കം ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ചിത്രത്തിനായി ഹോളിവുഡില്‍ നിന്നടക്കം സാങ്കേതിക വിദഗ്ധരെത്തും. ബാഹുബലിയുടെ ഛായാഗ്രഹണം നിര്‍വഹിച്ച കെ.കെ സെന്തില്‍കുമാര്‍ ആണ് കര്‍ണ്ണന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത്.