സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: 2013 ൽ മിസ് ന്യൂജേഴ്‌സിയായി തിരഞ്ഞെടുക്കപ്പെടുകയും 2014 ൽ മിസ് അമേരിക്ക മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത കാറ മൈക്കാളൻ (24) നിര്യാതയായി. വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കാറ ഇടയ്ക്കു ബോധം തെളിഞ്ഞപ്പോൾ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നു കുടുംബാംഗങ്ങളോടു അഭ്യർഥിച്ചിരുന്നു.
ഫെബ്രുവരി 15 നുണ്ടായ കാറപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു കാറ. അവയവങ്ങൾ ദാനം ചെയ്യണമെന്ന ഇവരുടെ അഭ്യർഥന കുടുംബാംഗങ്ങൾ അംഗീകരിക്കുകയായിരുന്നു. പിറ്റ്‌സ് ട്രെഡ് ടൗൺഷിപ്പ് റൂട്ട് 55 ലൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ റോഡിൽ നിന്നു തെന്നിമാറി മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.
കാറ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നു പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. കാറിന്റെ അമിത വേഗവും അപകടത്തിനു കാരണമായതായി റിപ്പോർട്ടുകളുണ്ട്. അർക്കൻ സായിൽ നിന്നും വലഡിക്ടോനായിട്ടാണ് ഇവർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്നു പ്രിസ്റ്റൺ സർവകലാശാലയിൽ നിന്നും 2015 ൽ ബിരുദവും പൂർത്തിയാക്കി. 100 വയസുവരെ ജീവിച്ചിരുന്നാലും ചെയ്തു തീർക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് ചുരുങ്ങിയ പ്രായത്തിനുള്ളിൽ കാറ ചെയ്തു തീർത്തതെന്നു മുൻ ന്യൂയോർക്ക് അസംബ്ലി അംഗം കരോളിൻ ക്രാസ ഗ്രനേഡ് പറഞ്ഞു. മിസ് ന്യൂജേഴ്‌സിയുടെ അപ്രതീക്ഷിത ദേഹവിയോഗത്തിൽ ന്യൂ ജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി സ്‌റ്റേറ്റ് സെനറ്റ് പ്രസിഡന്റ് സ്റ്റീഫൻ സ്വീനി എന്നിവർ മെക്കാളന്റെ കുടുംബാംഗങ്ങളോടു അനുശോചനം അറിയിച്ചു.