പി.പി ചെറിയാൻ
ന്യൂജേഴ്‌സി: ന്യൂ ജേഴ്‌സി എഡിസൺ സിറ്റി കൗൺസിൽ അംഗമായ ഇന്ത്യൻ അമേരിക്കൻ അറ്റോർണി സ്വപ്‌നാ ഷാ (39) അടുത്ത് നടക്കുന്ന ന്യൂ ജേഴ്‌സി അസംബ്ലി തിരഞ്ഞെടുപ്പിൽ 18 ത് ഡിസ്ട്രിക്ടിൽ നിന്നും മത്സരിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചു.
മിഡിൽ സെക്‌സ് കൗണ്ടിയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും പുരോഗതിക്കും ജീവിത നിലവാരെ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് മത്സര രംഗത്ത് ഇറങ്ങാൻ തീരുമാനിച്ചതെന്നു അറ്റോർണി സ്വപ്‌ന പറഞ്ഞു. ന്യൂ ജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി ഇപ്പോൾ നിലവിലുള്ള അസംബ്ലി മെമ്പർ പീറ്റർ ജെബാർണിസിനെ സ്റ്റേറ്റ് സുപ്പീരിയർ കോർട്ടിലേയ്ക്കു നോമിനേറ്റ് ചെയ്തതിനെ തുടർന്നാണ് ഒഴിവുണ്ടായത്.
എഡിസൺ സിറ്റി കൗൺസിലിൽ 2014 മുതൽ അംഗമായ സ്വപ്‌നയ്ക്കു ഈ സീറ്റിനു തികച്ചും അർഹതയുണ്ടെന്നാണ് കമ്മ്യൂണിറ്റി വ്യക്താക്കൾ അഭിപ്രായപ്പെട്ടത്. ഒഴിവു വന്ന അസംബ്ലി സീറ്റിലേയ്ക്കു ഡെമോക്രാറ്റുകൾ പലരെയും നിർദേശിച്ചെക്കുന്നുണ്ടെങ്കിലും ഇവരുടെ മുൻപന്തിയിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നു സ്വപ്‌നപറയുന്നു. സിറ്റി ബോർഡ് ഓഫ് എഡ്യുക്കേഷൻ ടൗൺഷിപ്പ് പ്ലാനിങ് ബോർഡ് എന്നിവയിൽ പ്രവർത്തിച്ചു കഴിവു തെളിയിച്ച സ്വപ്‌നയുടെ വിജയത്തിനായി ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കു നിരവധി ഇന്ത്യൻ വംശജർ രംഗപ്രവേശനം ചെയ്യുന്നുവെന്നുള്ളത് അഭിമാനാർഹമാണ്.