ദോഹ: ഖത്തറില്‍ നിന്നും അന്യ രാജ്യ തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംബന്ധിച്ച വിവാദ കഫാല തൊഴില്‍ നിയമം ഖത്തര്‍ ഭേദഗതി ചെയ്യുന്നു. ഖത്തറിന്റെ ഔദ്യോഗിക ഗസറ്റിലാണ് എക്‌സിറ്റ് വിസാ ഭേദഗതിയെ സംബന്ധിച്ച അറിയിപ്പ് പരസ്യപ്പെടുത്തിയിരിക്കുന്നത്. നിയമം അംഗീകരിച്ച ശേഷം 2016 ഡിസംബര്‍ 14ന് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
പുതിയ ഭേദഗതി ചെയ്യപ്പെടുന്ന നിയമം അനുസരിച്ച് വിദേശ തൊഴിലാളികള്‍ക്ക് ഖത്തര്‍ വിടുന്നതിന് 72 മണിക്കൂര്‍ മുന്‍പുവരെ അപേക്ഷ നല്‍കാം. എക്‌സിറ്റ് വിസ ലഭിക്കാത്ത പക്ഷം തൊഴിലാളികള്‍ക്ക് ഗ്രീവന്‍സ് കമ്മിറ്റിക്ക് പരാതി നല്‍കാനും വ്യവസ്ഥയുണ്ട്. നിലവിലെ നിയമം അനുസരിച്ച് തൊഴിലുടമയ്ക്ക് ആക്ഷേപമുണ്ടെങ്കില്‍ കോണ്‍ട്രാക്ട് അവസാനിച്ച ശേഷം രണ്ടു വര്‍ഷം വരെ കാത്തിരുന്നാല്‍ മാത്രമേ തിരിച്ച് ഖത്തറില്‍ പുതിയ ജോലിക്കായി പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. 2022ല്‍ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ തൊഴില്‍ നിയമത്തെക്കുറിച്ച് ശക്തമായ ആക്ഷേപമുള്ള സാഹചര്യത്തിലാണ് പുതിയ നിയമ ഭേദഗതിക്ക് ഖത്തര്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്. ഖത്തറിലെത്തുന്ന ഇരുപത് ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് പുതിയ ഭേദഗതി അനുഗ്രഹമാകും.