ഡബ്ലിന്‍: രാജ്യത്ത് പുതിയ മിനിമം വേജസ് നയം നടപ്പാക്കി. 9.15 യൂറോയാണ് ഇനി മുതല്‍ രാജ്യത്ത് മിനിമം വേജസെന്നും അധികൃതര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ തീരുമാനത്തോടെ നടപ്പാക്കിയ പുതിയ മിനിമം വേജസ് നയത്തെ ബിസിനസ് ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രി ഗെഡ് നാഷ് സ്വാഗതം ചെയ്തു.
രാജ്യത്ത് ഏര്‍പ്പെടുത്തിയ പുതിയ മിനിമം വേജസിന്റെ ഗുണം രാജ്യത്തെ ഏതാണ്ട് 124,000 തൊഴിലാളികള്‍ക്കു ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ മിനിമം വേജസിനെപ്പറ്റി പഠിക്കുന്നതിനുള്ള സ്വതന്ത്ര ഏജന്‍സിയായ ലോ പേ കമ്മിഷന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മിനിമം വേജസ് സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. നിലവിലുള്ള മിനിമം വേജസില്‍ നിന്നു അന്‍പതുശതമാനത്തിന്റെ വര്‍ധനവാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉണ്ടാകുക എന്നാണ് കണക്കുകള്‍ വ്യക്മാക്കുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ മിനിമം വേജസില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്് നടപ്പാക്കുമെന്നു മന്ത്രി ഗെഡ്‌നാഷ് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം വേജസിന്റെ കാര്യത്തിലുള്ള ആശങ്കകളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മുഴുവന്‍ സമയവും ജോലി ചെയ്യുന്ന ഒരു യുവാവിനു ആഴ്ചയില്‍ 14 യൂറോയും വര്‍ഷത്തില്‍ 708 യൂറോയുമാണ് മിനിമം വേജസായി നല്‍കാന്‍ ധാരണായിരിക്കുന്നത്. വിവാഹിതരായവരില്‍ ഒരാള്‍ക്കു മാത്രമാണ് ജോലിയുള്ളതെങ്കില്‍ ഇവര്‍ക്കു ഒരു വര്‍ഷം 911 യൂറോയും, ആഴ്ചയില്‍ 18 യൂറോയും നല്‍കുന്നതിനും ധാരണയായിട്ടുണ്ട്.