സ്വന്തം ലേഖകൻ
ന്യൂ സൗത്ത് വെയിൽസ്: ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി ന്യൂ സൗത്ത് വെയിൽസ് മാറുന്നതായി റിപ്പോർട്ടുകൾ. ന്യൂ സൗത്ത് വെയിൽസ് ടൂറിസം മന്ത്രാലയം നടത്തിയ പഠനത്തിലാണ് രാജ്യത്തെ തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളിൽ ഏറെപ്പേരും ന്യൂ സൗത്ത് വെയിൽസിൽ എത്തുന്നതായി കണ്ടെത്തിയത്.
ന്യൂ സൗത്ത് വെയിൽസിന്റെ തനതായ പാരമ്പര്യവും ചരിത്രവുമാണ് കൂടുതലായി സന്ദർശകരെ ഇവിടേയ്ക്കു ആകർഷിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ മ്യൂസിക്, ബ്ലൂ സിങ് ലൈറ്റ്, മറ്റ് നിരവധി ആകർഷങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
28 മില്യൺ സന്ദർശകരാണ് ഒരു വർഷം ഇവിടെ എത്തുന്നതെന്നാണ് ന്യൂ സൗത്ത് വെയിൽസ് ടൂറിസം മന്ത്രി സ്റ്റുവാർട്ട് ഐറസ് അറിയിച്ചത്. ഇതേ തുടർന്നാണ് അധികൃതർ കൃത്യമായ വിവരശേഖരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. ആസ്‌ട്രേലിയയുടെ നാഷണൽ സന്ദർശക സർവേയുടെ കണക്കു പ്രകാരം മാർച്ച് വരെ ഇവിടെ എത്തിയ സന്ദർശകർ 16.4 ബില്യൺ ഡോളറാണ് ചിലവഴിച്ചിരിക്കുന്നതെന്നും കണക്കുകളിൽ നിന്നു വ്യക്തമാകുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കു വിനോദ സഞ്ചാര മേഖല വൻ കരുത്താണ് നൽകിയിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ സംഗീത പരിപാടികൾ അടക്കം നടക്കുന്ന ന്യൂ സൗത്ത് വെയിൽസിലെ സംഗീത പരിപാടികൾ അടക്കമുള്ളവ സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ.