ക്രൈം ഡെസ്‌ക്
ന്യൂസൗത്ത് വെയിൽസ്: ന്യൂ സൗത്ത് വെയിൽസിൽ ആസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.5 മില്ല്യൺ ഡോളറിന്റെ കൊക്കെയിൻ പിടിച്ചെടുത്തു. 30,000 ഗുളികകളാക്കി സൂക്ഷിച്ചിരുന്ന കൊക്കൈയിനാണ് സംഘം പിടിച്ചെടുത്തത്. സിഡ്‌നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി മിന്നൽ പരിശോധന നടത്തിയ സംഘമാണ് ഇപ്പോൾ കൊക്കെയിൻ പിടിച്ചെടുക്കാൻ കർശന നടപടികൾ സ്വീകരിച്ചത്.
രാജ്യത്ത് വ്യാപകമായി കൊക്കെയിനും മറ്റു നിരോധിത ലഹരി വസ്തുക്കളും വിൽപനയും ഉത്പാദനവും നടത്തുന്നതു തടയുന്നതിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച പ്രത്യേക സ്‌ട്രൈക്കിങ് ഫോഴ്‌സായ ബാംബെറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ഒരു യുവതിയെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിയിരുന്നു.
ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് 30,000 കൊക്കെയിൻ ഗുളികകൾ കണ്ടെത്തിയത്. കൊക്കെയിൻ, ആംഫെർത്ത്‌മൈൻ, എംഡിഎംഎ ജിഎച്ച്ബി എന്നീ നിരോധിത ലഹരി മരുന്നുകളും സംഭവ സ്ഥലത്തു നിന്നു പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പിടികൂടിയ ലഹരി മരുന്നുകൾക്കു മാർക്കറ്റിൽ 1.5 മില്ല്യൺ യൂറോ വിലവരുമെന്നു അധികൃതർ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് 26 കാരിയായ യുവതിയെയാണ് സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡിക്ടറ്റീവ് സംഘം പിടികൂടിയത്. കരിഗോങ്ങിൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു യുവതിയെയും സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വാഹനത്തിൽ നിന്നും എംഡിഎംഎയും കൊക്കെയിനും കണ്ടെത്തിയിട്ടുണ്ട്. ഇവരെ അരസ്റ്റ് ചെയ്തതോടെയാണ് കൊക്കെയിൻ നിർമാണ കേന്ദ്രത്തെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചത്.