പി.പി ചെറിയാൻ
ന്യൂയോർക്ക് (ന്യൂജേഴ്‌സി): ലോസ് ആഞ്ചൽസിൽ നിന്നും ന്യൂജേഴ്‌സിയിലേയ്ക്കു പറന്ന വെർജിൻ അമേരിക്ക വിമാനത്തിൽ ഇരുന്നു ഉറങ്ങുകയായിരുന്ന സ്ത്രീയെ സ്പർശിച്ച കുറ്റത്തിന് ഇന്ത്യയിലെ വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവുവിനെതിരെ കേസ് ഫയൽ ചെയ്തു.
ജൂലായ് 30 നായിരുന്നു സംഭവം. അടുത്ത സീറ്റിൽ ഇരുന്നു ഉറങ്ങുകയായിരുന്നു സ്ത്രീയുടെ കാലിൽ റാവു സ്പർശിച്ചതിനെ തുടർന്നു ഉറക്കം ഉണർന്ന യുവതി സഹയാത്രികരെ വിവരം അറിയിച്ചു. സഹയാത്രികനുമായി സംഭവത്തെക്കുറിച്ചു തർക്കിക്കുന്നതിനിടെ റാവു യുവാവിനു മദ്യം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു. എന്നാൽ, ഇതിനു വഴങ്ങാതെ യുവാവ് വിവരം വിമാന ജീവനക്കാരെ അറിയിച്ചു. റാവുവിനെ മറ്റൊരു സീറ്റിലേയ്ക്കു മാറ്റിയിരുത്തുകയും ചെയ്യുകയായിരുന്നു,
ന്യൂജേഴ്‌സിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റാവുവിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആഗസ്റ്റ് രണ്ടിനു ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയ്ക്കു മജിസ്‌ട്രേറ്റ് 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. കുറ്റം തെളിയുകയാണെങ്കിൽ 25,000 ഡോളർ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കേസാണ് റാവുവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്പർശിക്കുന്നതു കുറ്റകരമെന്നും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ച വിമാന ജോലിക്കാർ ഉണ്ടു എന്നുള്ളതും മനസിലാക്കിയാൽ ഭാവിജീവിതത്തെ തന്നെ പിടിച്ചുലയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നു മുന്നറിയിപ്പു കൂടിയാണ് ഇനിൽ നിന്നും ലഭിക്കുന്നത്.