കാലിഫോര്‍ണിയ: മുന്‍ എന്‍എഫ്എല്‍ ഫുട്‌ബോള്‍ താരവും വധക്കേസില്‍ വിചാരണ നേരിടുകയും ചെയ്തിരുന്ന ലോറന്‍സ് ഫിലിപ്പ് (40) കാലിഫോര്‍ണിയ കെറണ്‍വാലി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ കറക്ഷന്‍ ഡിപ്പാര്‍ട്ടമമെന്റ് സ്‌പോക്മാന്‍ ടെറി തോണ്‍ടണാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്.
പരിശോധനയ്‌ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥരാണ് അതിരാവിലെ ലോറന്‍സിനെ ജയിലിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജയില്‍ ഡോക്ടറെ വിളിച്ചു വരുത്തിയ അധികൃതര്‍ ആംബുലന്‍സില്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
ജയിലില്‍ കഴിഞ്ഞിരുന്ന സഹ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയായിരുന്നു ഫിലിപ്പിന്റെ പ്രാഥമിക വിചാരണം. ഈ കേസില്‍ ലോറന്‍സിനെതിരെ വ്യക്തമായ തെളിവുകള്‍ സുപ്പീരിയര്‍ കോടതിയിലെ ജഡ്ജി കണ്ടെത്തിയിരുന്നു. വധശിക്ഷ മിക്കവാറും ഉറപ്പായ സാഹചര്യത്തില്‍ സ്വയം സെല്ലില്‍ ജീവനൊടുക്കിയതാണോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നു. ഗേള്‍ ഫ്രണ്ടിനെ ആക്രമിച്ച കേസില്‍ 2015 ഏപ്രില്‍ 11 മുതല്‍ ലോറന്‍സ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. നബ്രസ്‌ക റണ്ണിങ് ബാക്കായിരുന്ന ഫിലിപ്പ് 1999 ല്‍ നെണ്ടേഴ്‌സിനു വേണ്ടിയാണ് അവസാനമായി എന്‍എഫ്എല്‍ ജഴ്‌സി അണിഞ്ഞത്. പിന്നീട് കനേഡിയന്‍ ഫുട്‌ബോള്‍ ലീഗിലും കളിച്ചു. ജയില്‍ രേഖകളില്‍ അടുത്ത ബന്ധുവായി രേഖപ്പെടുത്തിയിരുന്ന ടോണിസ മര്‍ഡോക് ഫിലിപ്പ് ആത്മഹത്യ ചെയ്യുമെന്നു വിശ്വസിക്കുന്നില്ലെന്നു ഇന്റര്‍വ്യൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.