റിയാദ്:പ്രവാസികള്ക്ക് വീണ്ടും കനത്ത തിരിച്ചടി ഒരുങ്ങുന്നു സൗദിയില്‍ . സമ്പൂര്‍ണ സൗദിവത്കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതിയില്‍ 60 വയസ് തികഞ്ഞ വിദേശ തൊഴിലാളികളെ രണ്ടുപേരായി കണക്കാക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത് മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഫാര്‍മസിസ്റ്റുകള്‍, ടെക്നീഷ്യന്മാര്‍, നിക്ഷേപകര്‍, പ്രെഫസര്‍മാര്‍, മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് ഈ ഗണത്തില്‍ പെടുത്തുന്നത്. ഇത്തരം മേഖലയില്‍ നിന്ന് കൂടി വിദേശത്തൊഴിലാളികളെ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍. നിലവില്‍ മൊബൈല്‍ ഫോണ്‍ വിപണനം, സര്‍വീസിംഗ് രംഗത്ത് പൂര്‍ണമായും സൗദിവത്കരണം നടപ്പിലാക്കിക്കഴിഞ്ഞു.
സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുന്നതിനായി തൊഴില്‍ രംഗത്ത് സംവരണം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് നിതാഖാത്ത്. കമ്പനിയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിന് അനുപാതികമായി സൗദി പൗരന്മാരെ ജോലിക്കെടുക്കണം എന്നാണ് ചട്ടം. വരും വര്‍ഷങ്ങളില്‍ അത്യാവശ്യം വേണ്ട വിദഗ്ദ ജോലികള്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നിനിര്‍ത്തി ബാക്കിയെല്ലാം സൗദി പൗരന്മാര്‍ക്ക് സംവരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാര്‍ വിപണനം, റെന്റ് എ കാര്‍ തുടങ്ങിയ മേഖലകളില്‍ കൂടി സൗദിവത്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.