ബിജു കരുനാഗപ്പള്ളി
അബുദാബി: യുഎഇയിലെ ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന, മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരകണക്കിന് നഴ്‌സുമാരുടെ തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്കയ്ക്ക് പരിഹാരമായി. യുഎഇ ആരോഗ്യ-നിവാരണ വകുപ്പിന് കീഴില്‍ ജോലി നേടണമെങ്കില്‍ , മൂന്നര വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍, ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഈ നിര്‍ബന്ധിത നിയമത്തില്‍ നിന്ന് ഒഴിവാക്കിയതാണ് ഇപ്പോള്‍ ആശ്വാസമായത്. ഇതനുസരിച്ച്, ഇപ്പോള്‍ ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളില്‍ തുടരുന്ന നഴ്‌സുമാര്‍ക്ക് , മൂന്നു വര്‍ഷത്തെ കോഴ്‌സ് തന്നെയാണ് യോഗ്യതയെന്നും അധികൃതര്‍ ഉത്തരവിറക്കി. കേരള സര്‍ക്കാരിന് കീഴിലുള്ള എന്‍ ആര്‍ കമ്മീഷന്‍ അംഗം ഡോ. ഷംഷീര്‍ വയലില്‍, യുഎഇയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം,യുഎഇ ആരോഗ്യ-നിവാരണ വകുപ്പ് എന്നിവയുമായി യോജിച്ച് , മാസങ്ങളായി നടത്തിയ നടപടികളുടെ ഭാഗമായിട്ടാണ് ആശ്വാസകരമായ ഈ തീരുമാനം.
ഇതനുസരിച്ച്, ഇനി മൂന്ന് വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ് , നിലവില്‍ ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും, പഴയതു പോലെ ലൈസന്‍സ് പുതുക്കി ജോലി ചെയ്യാം. നേരത്തെ, സഇന്ത്യയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കി, രജിസ്‌റ്റേര്‍ഡ് നഴ്‌സ് ( ആര്‍ എന്‍ ) എന്ന വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍, പിന്നീട് ഇവരെ, മൂന്നര വര്‍ഷത്തെ കോഴ്‌സ് ഇല്ലെന്ന് ആരോപിച്ച് പ്രാക്ടികല്‍ നഴ്‌സ് ( പി എന്‍ ) എന്ന വിഭാഗത്തിലേക്ക് തരം താഴ്ത്തിയെന്നായിരുന്നു പരാതി. ഇപ്രകാരം, പ്രാക്ടികല്‍ നഴ്‌സ് (പി എന്‍) പട്ടികയിലേക്ക് തരം താഴ്ത്തപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതായും നഴ്‌സുമാര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ നഴ്‌സിങ് സ്ഥാപനങ്ങളില്‍ നിന്ന് 1986-2006 കാലഘട്ടങ്ങളില്‍ നഴ്‌സിങ് ഡിപ്‌ളോമ പഠിച്ചിറങ്ങിയ ആയിരങ്ങളാണ് ഇതുമൂലം വെട്ടിലായത്. നിലവില്‍ യുഎഇയിലെ ഗവര്‍മെന്റ് നഴ്‌സുമാരില്‍ വലിയൊരു ശതമാനം ഇക്കാലയളില്‍ കോഴ്‌സ് പഠിച്ചിറങ്ങി ജോലി ലഭിച്ചവരാണ്. മാത്രവുമല്ല, അക്കാലയളവില്‍, മൂന്ന് വര്‍ഷത്തെ കോഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ്, മൂന്നര വര്‍ഷവും അതില്‍ അധികവുമുള്ള നഴ്‌സിങ് കോഴ്‌സുകള്‍ ഇന്ത്യയില്‍ തുടങ്ങിയത്.
പുതിയ ഉത്തരവ് അനുസരിച്ച്, യുഎഇ ആരോഗ്യ-നിവാരണ വകുപ്പിന് കീഴിലുള്ള പതിനഞ്ചോളം ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളിലെ 1500 ലധികം വരുന്ന മലയാളി നഴ്‌സുമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഹോസ്പ്പിറ്റലുകളില്‍, നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഇതുപോലെ, മൂന്നര വര്‍ഷത്തെ കോഴ്‌സ് നിര്‍ബന്ധമാണോ എന്ന വിഷയത്തിലും അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടതുണ്ട്. ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളേക്കാള്‍ ആയിരകണക്കിന് പേരാണ് സ്വകാര്യ മേഖലയിലെ ഹോസ്പ്പിറ്റലുകളില്‍ ജോലി ചെയ്യുന്നത്. മാത്രവുമല്ല, നിലവില്‍, ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഗവര്‍മെന്റ് ഹോസ്പ്പിറ്റലുകളിലെ നഴ്‌സുമാര്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയതെന്നും അറിയുന്നു. അതിനാല്‍, ഭാവിയില്‍ സ്വകാര്യ മേഖലയിലെ ആയിരകണക്കിന് നഴ്‌സുമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇതിനിടെ, യുഎഇ ആരോഗ്യ-നിവാരണ വകുപ്പ് നല്‍കിയ പ്രത്യേക ഇളവ് സന്തോഷകരവും ഏറെ അഭിനന്ദനീയവുമാണെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. ഇനി സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്നും സീതാറാം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, യുഎഇ ആരോഗ്യ-നിവാരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അല്‍ ഉലമ പുറത്തിറക്കിയ ഉത്തരവ്,
വി പി എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറും കൊച്ചി ലേക്‌ഷോര്‍ ഹോസ്പ്പിറ്റല്‍ ഉടമയുമായ ഡോ. ഷംഷീര്‍ വയലിന് അധികൃതര്‍ കൈമാറി.