ഡബ്ലിൻ :അയർലന്റിലെ പ്രവാസിമലയാളികളുടെ പ്രാർത്ഥനകൾ വിഫലമായി .കോര്‍ക്കിലെ സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ മരണത്തിനു കീഴടങ്ങി .ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെയാണ് സിനി മരിച്ചത് . ചങ്ങനാശ്ശേരി വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു.
കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അബോധാവസ്ഥയില്‍ നിന്ന് വീണ്ടെടുക്കാനായില്ല.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.സിനി രോഗാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കോര്‍ക്കിലെ വില്‍ട്ടണിലാണ് സിനി ചാക്കോ താമസിച്ചിരുന്നത് . മാതാപിതാക്കളായ പി.സി ചാക്കോ, ലിസി ചാക്കോ എന്നിവരും ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജേക്കബും കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്.വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗ് മികച്ച മാര്‍ക്കോടെ പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.
ഏപ്രില്‍ 15 ന് ഞായറാഴ്ച്ച വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കൂടാതെ ഏപ്രില്‍ 14 ന്(ശനി)ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും,ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്