സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ ആശുപത്രികളിൽ നിലനിൽക്കുന്ന നഴ്‌സിങ് സ്റ്റാഫുകളുടെ എണ്ണക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് എച്ച്എസ്ഇയോട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ. സ്റ്റാഫിന്റെ എണ്ണക്കുറവിനൊപ്പം രോഗകിൾക്ക് ആവശ്യത്തിന് ബെഡ്ഡുകൾ ലഭിക്കാത്ത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണെന്ന് ഐഎൻഎംഒ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 540 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ട്രോളിയിൽ ചികിത്സയിൽ കഴിയുന്നത്. ഹോസ്പിറ്റലുകളിലെ അക്യൂട്ട് ബെഡ്ഡുകൾ ക്ലോസ് ചെയ്തത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്. അടിയന്തരമായി പുതിയ നഴ്‌സുമാരെ എച്ച്എസ്ഇ റിക്രൂട്ട് ചെയ്യണമെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ലിയാം ഡോറൻ ആവശ്യപ്പെട്ടു.
ഇതിനിടെ സ്റ്റാഫുകളുടെ എണ്ണം കുറഞ്ഞതിനെച്ചൊല്ലി രണ്ട് ഹോസ്പിറ്റലുകളിൽ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അംഗങ്ങൾ പ്രതിഷേധം നടത്തുകയാണ്. കാവൻ, മേയോ ഹോസ്പിറ്റലുകളിലാണ് പ്രതിഷേധം. ഈ വർഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും രോഗികൾ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട അവസ്ഥ വരുന്നത്. ജനുവരി 5ന് 558 രോഗികളും, മാർച്ച് 8ന് 544 രോഗികളും ഇതുപോലെ ട്രോളികളിൽ കാത്തിരിക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ട്രോളികളിൽ ചികിത്സയ്ക്കായി കാത്തിരുന്നത് 331 രോഗികളായിരുന്നു.
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ഗോൾവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗികൾ ഇത്തരത്തിൽ കാത്തിരിക്കുന്നത്. ഇവിടങ്ങളിൽ 48 രോഗികൾ വീതമാണ് ബെഡ്ഡ്‌ലഭിക്കാത്തവരായി ഉള്ളത്.
രാജ്യത്തെ 180 അക്യൂട്ട് ബെഡ്ഡുകൾ ക്ലോസ് ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഐഎൻഎംഒ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാനായി കൂടുതൽ നഴ്‌സുമാരെ നിയമിക്കണമെന്നും സംഘടന എച്ച്എസ്ഇയോട് ആവശ്യപ്പെട്ടു. എമർജൻസി വിഭാഗങ്ങളിൽ 140ഓളം നഴ്‌സുമാരുടെ കുറവ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. ആകെയുള്ള എണ്ണക്കുറവിന്റെ 10%ഓളം വരും ഇത്. അതേസമയം ആരോഗ്യമേഖലയിൽ അടുത്ത വർഷം 14 ബില്ല്യൺ യൂറോയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രൊപ്പോസൽ ആരോഗ്യമന്ത്രി സിമോൺ ഹാരിസ് മന്ത്രിസഭയിൽ ഇന്ന് അവതരിപ്പിക്കാനിരിക്കുകയാണ്.