സ്വന്തം ലേഖകൻ
ഡബ്ലിൻ:ജോലിഭാരവും,ശമ്പളക്കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ നഴ്‌സുമാർ ആരംഭിക്കാനിരിക്കുന്ന സമരനടപടികൾക്ക് ഐഎൻഎംഓ നേതൃത്വം പ്രാരംഭചർച്ചകൾ തുടങ്ങി.ഇന്ന് ചേർന്ന ഐഎൻഎംഓ എക്‌സിക്യൂട്ടിവ് കമ്മിറ്റി സമരത്തിന് അംഗീകാരം തേടി നഴ്‌സുമാർക്കിടയിൽ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു.
രാജ്യത്തെ ബഹുഭൂരിപക്ഷം നഴ്‌സുമാരും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് കൊണ്ടാണ് സമരം എന്നതിനാൽ ബാലറ്റ് നടപടികൾ സമരത്തിലേക്ക് വഴി തുറക്കുമെന്ന് ഉറപ്പാണ്.അങ്ങനെയെങ്കിൽ ജനുവരി മാസത്തോടെ നഴ്‌സുമാർ സമരമാരംഭിക്കും.
അമിത ജോലിഭാരം ഉള്ള മേഖലകളിൽ ബെഡ്ഡുകളുടെ എണ്ണം വെട്ടിച്ചുരുക്കിയും കൂടുതൽ നഴ്‌സുമാരെ നിയോഗിച്ചും ആരോഗ്യകരമായ സാഹചര്യം ഒരുക്കണമെന്നാണ് നഴ്‌സുമാരുടെ പ്രഥമ ആവശ്യം.വെട്ടിച്ചുരുക്കിയ ശമ്പളം ഭാഗീകമായി മാത്രമാണ് ഇതേ വരെ പുനഃസ്ഥാപിച്ചിട്ടുള്ളത്.2009 ന് മുമ്പുണ്ടായിരുന്ന ശമ്പളവ്യവസ്ഥകളും ആനുകൂല്യങ്ങളും പൂർണ്ണമായി തിരികെ ലഭിക്കണമെന്നുള്ള ആവശ്യം ഇത്തവണയും സമരാവശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത സമയം മാത്രം ജോലി ചെയ്തുകൊണ്ടും,നിർബന്ധിത ഓവർ ടൈം ജോലികൾ ഒഴിവാക്കി കൊണ്ടും ആരംഭിക്കുന്ന നടപടികൾ ഫലം കണ്ടില്ലെങ്കിൽ ജോലി ബഹിഷ്‌കരിച്ച് സമരരംഗത്തിറങ്ങാനാണ് യൂണിയന്റെ തീരുമാനം.
സർക്കാർ ചർച്ചകൾക്ക് മുമ്പോട്ടു വന്ന് യൂണിയന്റെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് ഐഎൻഎംഓ
പ്രസിഡണ്ട് മാർട്ടീന കെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.ഇപ്പോഴത്തെ അനാരോഗ്യകരമായ അവസ്ഥയുമായി മുന്നോട്ടു പോകാൻ അയർലണ്ടിലെ നഴ്‌സിംഗ് സമൂഹത്തിന് ആവില്ലെന്ന് അവർ വ്യക്തമാക്കി.