സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ നിരന്തരം ആക്രമണങ്ങൾക്കു ഇരയാകുന്നതായി റിപ്പോർട്ട്. നഴ്‌സുമാരും മറ്റു ആരോഗ്യ വിഭാഗം ജീവനക്കാരും നിരന്തരം ആക്രമണത്തിനിരയാകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന 600 പേരെങ്കിലും ഓരോ വർഷവും ശാരീരികമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന പഠന റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോൾ ശക്തമായത്.
കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ നിന്നുമാത്രം 3642 മെഡിക്കൽ സ്റ്റാഫിന് നേരേ വിവിധ തരത്തിലുള്ള ആക്രമണം ഉണ്ടായതായി എച്ച് എസ് ഇ യുടെ കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നു.ഇതിൽ കൂടുതലും നഴ്‌സുമാർക്കെതിരെയുള്ള ആക്രമണമാണ്.2400 നഴ്‌സുമാരാണ് ഇക്കാലയളവിൽ അക്രമിക്കപ്പെട്ടതെന്ന് ഐറിഷ് എക്‌സാമിനർ എന്ന മാധ്യമ സ്ഥാപനത്തിന് വിവരാവകാശ നിയമം അനുസരിച്ച് ശേഖരിച്ച കണക്കുകൾ പ്രകാരം എച്ച് എസ് ഇ വൃത്തങ്ങൾ സമ്മതിച്ചു.
നഴ്‌സുമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ 770 എണ്ണവും രോഗികൾ തന്നെ നടത്തിയാണ്.രോഗികളുടെ ബന്ധുക്കൾ അടക്കമുള്ള പൊതുജനങ്ങളും നഴ്‌സുമാർക്കെതിരെ കൈയ്യേറ്റം നടത്തിയവരിൽ പെടുന്നു.ആകെയുള്ളതിൽ 1885 അതിക്രമ സംഭവങ്ങളിലും നഴ്‌സുമാർക്ക് സാരമായ രീതിയിൽ പരിക്കേറ്റിരുന്നു എന്നാണ് രേഖകളിൽ കാണുന്നത്.69 കേസുകൾ മാനസികാഘാതം ഏൽപ്പിക്കുന്ന വിധമുള്ളതായിരുന്നു.
അയർലണ്ടിലെ നഴ്‌സുമാർക്കെതിരെയുള്ള ആക്രമണങ്ങളെ ഐഎൻ എംഓ ഗുരുതരമായ പ്രശ്‌നമായാണ് കാണുന്നതെന്ന് ജനറൽ സെക്രട്ടറി ലിയാം ഡോറൻ പ്രതീകരിച്ചു.മിക്ക കേസുകളിലും ആശുപത്രി മാനേജ്‌മെന്റ് നിഷ്‌ക്രീയത്വം പാലിക്കുകയോ, നിസ്സാരവത്കരിക്കുകയോയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.യഥാർഥ കണക്കുകൾ എച്ച് എസ് ഇ വെളിപ്പെടുത്തിയിരിക്കുന്നതിനേക്കാൾ അധികമാണെന്നും ഡോറൻ പറഞ്ഞു.