രോഗികളെ പരിചരിക്കാന്‍ നഴ്‌സിങ് ഹോമുകളില്‍ ആവശ്യത്തിനു നഴ്‌സുമാരില്ല; ആശുപത്രിയില്‍ നിന്നു ചാടിപ്പോയ രോഗി വാഹനം ഇടിച്ചു മരിച്ചു

ഡബ്ലിന്‍: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനെ തുടര്‍ന്നു താളം തെറ്റിയിരിക്കുന്ന നഴ്‌സിങ് ഹോമുകളില്‍ നിന്നു മറ്റൊരു പരാതി കൂടി. ആശുപത്രിയില്‍ നിന്നു ചാടിപ്പോയ രോഗി വാഹനം ഇടിച്ചു മരിച്ചതാണ് ജീവനക്കാരുടെ എണ്ണം കുറയുന്നതിന്റെ മറ്റൊരു ദുരന്താനുഭവമായി മാറിയിരിക്കുന്നത്. ആശുപത്രിയികളില്‍ രോഗികളെ നോക്കാന്‍ മതിയായ ജീവനക്കാരില്ലാതെ വന്നതോടെയാണ് രോഗികള്‍ ചാടിപ്പോകുന്ന സാഹചര്യമുണ്ടാകുന്നതെന്നാണ് ആശുപത്രിയലെ നഴ്‌സിങ് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്.
ഗോള്‍വേ ലീംറിക്ക് എന്‍ 18 റോഡില്‍ ആര്‍ഡ്രഹാനിനു സമീപമാണ് കഴിഞ്ഞ ദിവസം സമാന രീതിയിലുള്ള അപകടം ഉണ്ടായത്. ഇന്നലെ രാത്രി പ്രദേശത്തെ നഴ്‌സിംഗ് ഹോമില്‍ നിന്നും ചാടിപ്പോയ രോഗി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.ഇതേ സമയം എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ഗാര്‍ഡയുടെ പട്രോളിംഗ് കാര്‍ രോഗി കുറുകെ ചാടുന്നത് കണ്ട് പെട്ടന്നു നിര്‍ത്തിയെങ്കിലും അതിനു മുന്‍പേ ദുരന്തം സംഭവിച്ചിരുന്നു.നിര്‍ത്തിയിട്ട ഗാര്‍ഡ വാഹനത്തിലും ഇടിച്ച ശേഷമാണ് കാര്‍ നിന്നത്.രാത്രി 12.30 നായിരുന്നു സംഭവം.
പെട്ടന്ന് വാഹനം നിര്‍ത്തിയ ആഘാതത്തില്‍ രണ്ടു ഗാര്‍ഡ ഓഫിസര്‍മാര്‍ക്കും പരിക്കേറ്റു. ഇവരെ ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രോഗിയെ ഇടിച്ച് തെറിപ്പിച്ച വാഹനത്തിന്റെ ഡ്രൈവറെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
ആശുപത്രികളില്‍ ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലാത്തതിനാലാണ് ഇറങ്ങിപോകുന്ന രോഗികളെ കാണാതെയാവുന്ന സംഭവങ്ങള്‍ പെരുകുന്നത്.കെയറര്‍മാരോ,സെക്യൂരിറ്റി സ്റ്റാഫോ പോലും മിക്ക ആശുപത്രികളിലും കുറവാണ്.പത്തു മുതല്‍ പതിനാറു രോഗികളെ വരെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ട നഴ്‌സുമാര്‍ക്കാവട്ടെ രോഗികളെ കാണാതായാല്‍ അധികൃതരുടെ പഴി കേള്‍ക്കേണ്ടിയും വരും.കൂടുതല്‍ മെഡിക്കല്‍ സ്റ്റാഫിനെയെങ്കിലും രോഗികളുടെ സംരക്ഷണത്തിന് നിയോഗിക്കുക എന്നതാണ് ഇത്തരം ദുരവസ്ഥ ഒഴിവാക്കാനുള്ള പോംവഴി.

Top