സ്വന്തം ലേഖകൻ
വാഷിങ്ടൺ ഡിസി: നാലു മില്യൺ അനധികൃത കുടിയേറ്റക്കാർക്കു വർക്ക് പെർമിറ്റ് നൽകുന്നതിനു ഒബാമ പുറപ്പെടുവിച്ച എക്‌സിക്യുട്ടീവ് ഉത്തവ് ത്രിശങ്കുവിൽ.
ഇന്നു സുപ്രീം കോടതിയിൽ വാദം കേട്ട എട്ട് ജഡ്ജിമാരിൽ നാലുപേർ തീരുമാനത്തെ അംഗീകരിച്ചപ്പോൾ നാലു പേർ എതിർത്തു.
സുപ്രീം കോടതി ജഡ്ജി അന്റോനിൻ സ്‌കാലിയുടെ മരണത്തോടെ റിപബ്ലിക്കൻ പാർട്ടിയുടെയും ഡമോക്രാറ്റിക് പാർട്ടിയുടെയും നാലു ജഡ്ജിമാർ വീതം ഇരുചേരികളിൽ അണിനിരന്നപ്പോൾ ഒബാമയുടെ എക്‌സിക്യുട്ടീവ് ഉത്തരവു അധികാരം വിട്ടൊഴിയും മുൻപു നടപ്പാക്കാമെന്ന പ്രതീക്ഷയ്ക്കാണ് മങ്ങലേൽപ്പിച്ചത്.
ടെക്‌സസ് ഉൾപ്പെടെ 25 റിപബ്ലിക്കൻ സംസ്ഥാന ഗവർണമെന്റുകൾക്കു ഒബാമയുടെ എക്‌സിക്യുട്ടീവ് ഓർഡർ നടപ്പാക്കുന്നതിനെതിരെ ഫെഡറൽ കോടതിയിൽ നിന്നു ലഭിച്ച ഉത്തരവ് നിലനിൽക്കുമെന്നാണ് ഇന്നലെ സുപ്രീം കോടതിയിൽ നടന്ന സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ടെക്‌സസ് സോളിസിറ്റർ ജനറൽ സ്‌കോട്ട് കെല്ലർ ഒബാമയുടെ എക്‌സിക്യുട്ടീവ് നിയമവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി വാദിച്ചു.