പി.പി ചെറിയാൻ
മേരീലാന്റ്: അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ സഹോദരനും ഡമോക്രാറ്റിക് പാർട്ടി അംഗവുമായ മാലിക് ഒബാമ. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പിനു വോട്ടു ചെയ്യുമെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബറാക് ഒബാമയുടെ എട്ടു വർഷത്തെ ഭരണം നിരാശാ ജനകമാണെന്നും സ്വകാര്യ ഇ-മെയിൽ സേർവർ ഉപയോഗിച്ചതിൽ ഹില്ലരി ക്ലിന്റനെതിരെ കേസെടുക്കുകയില്ലെന്നു എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയുടെ പ്രസ്താവനയും അംഗീകരിക്കാനാവില്ലെന്നും മാലിക് ഒബാമ പറഞ്ഞു.
സ്വവർഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഡമോക്രാറ്റിക് പാർട്ടിയേക്കാൾ സ്വവർഗ വിവാഹത്തെ എതിർക്കുന്ന പാർട്ടി എന്ന നിലയിൽ റിപബ്ലിക്കൻ സ്ഥാനാർഥിക്കു വോട്ട് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും മാലിക് കൂട്ടിച്ചേർത്തു.
മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന ട്രമ്പിന്റെ മുദ്രാവാക്യം തന്നെ പ്രത്യേകം ആകർഷിച്ചതായും, രാഷ്ട്രീയക്കാരന്റെ കപടമുഖമല്ല, സാധാരണക്കാരന്റെ ആത്മാർഥതയാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്നും മാലിക പറഞ്ഞു. ബറാക് ഹുസൈൻ ഒബാമ ഫൗണ്ടേഷന്റെ ഡയറക്ടർ മാലിക് ഒബാമ ഇപ്പോൾ കെനിയായിലാണ്. പബ്ലിക്ക് റെക്കോർഡ്് അനുസരിച്ചു മേരിലാൻഡ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് ഒബാമയുടെ സഹോദരൻ മാലിക് ഒബാമയുടെ വോട്ട് തന്റെ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുമെന്നു ട്രമ്പ് അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റക്കാരോടും സ്വവർഗ വിവാഹത്തോടും ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിനോടും വിയോജിപ്പുള്ള നിഷ്പക്ഷരായ വോട്ടർമാർ ഡമോക്രാറ്റിക് പാർട്ടിക്കെതിരെ തിരഞ്ഞാൽ ട്രമ്പിന്റെ വിജയം സുനിശ്ചിതമാണ്.