ദമ്മാം: പരിസ്ഥിതി സൗഹൃദ വികസനം മാത്രമേ കേരളത്തിന് ആവശ്യമുള്ളൂവെന്ന് പ്രചണ്ഡമായ പ്രചാരവേലകള്‍ നടത്തി യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തില്‍ വിലയിടിച്ച് കാണിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ദിവസങ്ങള്‍ക്കകം തങ്ങളുടെ ഇരട്ടത്താപ്പ്മുഖം വെളിവാക്കിയിരിക്കുകയാണെന്ന് ദമ്മാം ഒ ഐ സി സി കുറ്റപ്പെടുത്തി. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ഇടതുമുന്നണിയോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പാക്കണമെന്ന അജണ്ടയുമായി മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും മുന്നോട്ട്പോകുമ്പോള്‍; സര്‍ക്കാരിലെ ഇതര മന്ത്രിമാരും മുന്നണിയിലെ മറ്റ് ഘടകകക്ഷികളും ആ പദ്ധതി നടപ്പിലാക്കിയാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പൊതുസമൂഹത്തോട് ചേര്‍ന്ന്നിന്നുകൊണ്ട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അസംഗ്ദിദ്ധമായി എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും വ്യക്തമാക്കിയ തന്‍റെ നിലപാട് വഞ്ചനാപരമാണെന്ന് ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ:കെ.വൈ.സുധീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി
സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സൗഹൃദ വികസനമാണ് കേരളത്തിനാവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍ വികസന സൗഹൃദ പരിസ്ഥിതി സംരക്ഷണം മതിയെന്ന് മലക്കം മറിഞ്ഞിരിക്കുന്നു. മാത്രമല്ല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരെ മൗലീകവാദികളെന്നും പരിസ്ഥിതി സംരക്ഷണ തീവ്രവാദികളെന്നും വിളിച്ച് ആക്ഷേപിച്ചിരിക്കുന്നു. ഇത് പൊതുസമൂഹത്തോടുള്ള വെല്ലുവിളി എന്നതിനപ്പുറം നമ്മുടെ രാജ്യത്ത് നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളെ ഉള്ളതുകൂടി ഇവര്‍ ഇല്ലായ്മ ചെയ്യുമെന്നതിന്റെ സൂചനയാണ്. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൃഷി ചെയ്തുവരുന്ന ഈന്തപ്പന പാലക്കാട് പോലുള്ള ജില്ലകളില്‍ വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന താപനിലയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിയപ്പോഴാണ് ഉള്ള പച്ചപ്പുകള്‍കൂടി നശിപ്പിച്ച് അവരുടെ വികസനമെന്ന് ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന തരത്തില്‍ പ്രകൃതിദ്രോഹം ചെയ്യുവാനൊരുങ്ങുന്നത്. ഈ ലക്കും ലഗാനുമില്ലാത്ത ഭരണതന്ത്രത്തില്‍ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി അഗാധമായ ആശങ്കയും ഭീതിയും രേഖപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെതന്നെ പറമ്പുകളില്‍ നിന്നും കുളത്തില്‍ നിന്നും ലഭിച്ചിരുന്ന ശുദ്ധജലം കുടിച്ച് ജീവിച്ചിരുന്ന നമുക്ക് കേരളത്തിന്‍റെ തെക്ക് വടക്ക് ഒരിടത്തും പ്രകൃതിയില്‍ നിന്നും ലഭിച്ചിരുന്ന ശുദ്ധജലം ഒരു കിട്ടാക്കനിയായി മാറിയിരിക്കുന്നു. കേരളത്തിന്‍റെ ഊട്ടിയെന്ന് വിശേഷിപ്പിച്ചിരുന്ന ഇടുക്കി ജില്ലയിലും മൂന്നാറിലുമൊക്കെ ഫാനുകള്‍ കൊണ്ടുപോലും ഉഷ്ണത്തെ നിയന്ത്രിക്കുവാന്‍ കഴിയാതെ എയര്‍ കണ്ടീഷനിംഗിലേക്ക് മാറുന്ന ദുരവസ്ഥ ഭീതിയോടെയാണ് കേരളസമൂഹം നോക്കിക്കാണുന്നതെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അന്‍പതിനായിരം ഹെക്ടറില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുമെന്ന മറ്റൊരു പ്രഖ്യാപനം കൂടി ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ജൈവപച്ചക്കറി കൃഷിയുടെ പിതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംസ്ഥാന ധനകാര്യ മന്ത്രിയുടെ മണ്ഡലമായ മാരാരിക്കുളം മണ്ഡലത്തില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാതെ വിശമിക്കുന്ന പാവപ്പെട്ട കര്‍ഷകരുടെ ദയനീയത നിറഞ്ഞ വാര്‍ത്തകള്‍ ദിനംപ്രതി കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ വൈവിധ്യങ്ങളുടെ ഇരട്ടത്താപ്പുകളുടെ ഒരു ഘോഷയാത്രയായി തുടക്കത്തില്‍ത്തന്നെ ഈ സര്‍ക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം ഭീതിജനകമായ സാഹചര്യത്തില്‍ ഈ സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിന്‍റെ അനുഭാവികളും മണ്ണിനെയും പ്രകൃതിയെയും കാടിനേയും കാടിന്‍റെ മക്കളെയും സംരക്ഷിക്കുമെന്ന് ലോകപരിസ്ഥിതി ദിനത്തില്‍ ദമ്മാം ഒ ഐ സി സി സംഘടിപ്പിച്ച ‘ടേബിള്‍ ടാല്‍ക്കി’ല്‍ സംബന്ധിച്ചവര്‍ പ്രതിജ്ഞ ചെയ്തു. റീജ്യണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ബൈജു കുട്ടനാട് അദ്ധ്യക്ഷത വഹിച്ചു. പി.എ.നൈസാം, ഹനീഫ് റാവുത്തര്‍, അന്‍സാര്‍ ആദിക്കാട്ടുകുളങ്ങര, ശ്യാം പ്രകാശ്, ഇ.എം.ഷാജി മോഹന്‍, പ്രസാദ് ഇടുക്കി, അലി പെരുമ്പാവൂര്‍, ജയചന്ദ്ര മേനോന്‍, അസ്ലു ഫെറോക്ക്, ഫൈസല്‍ പാലക്കാട്, ഹമീദ് മരയ്ക്കാശ്ശേരി,ഡോ.ഫൗഷാ ഫൈസല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ സ്വാഗതവും അബ്ബാസ് തറയില്‍ നന്ദിയും പറഞ്ഞു.