ദമ്മാം : കെ സുധാകരൻ കെ പി സി സി പ്രസിഡണ്ടായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തത്സമയം വീക്ഷിക്കുവാൻ സൗകര്യമൊരുക്കിയും മധുര വിതരണം നടത്തിയും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ ഐ സി സി പ്രവർത്തകർ ദമ്മാമിൽ ആഹ്ലാദം പങ്കുവച്ചു. തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ നടന്ന ചടങ്ങുകൾ തത്സമയം കോവിഡ് മുൻകരുതൽ മാനദണ്ഡ നിബന്ധനകളോടെ ഒരുമിച്ചിരുന്ന് കാണുവാൻ അതിരാവിലെ തന്നെ ഒ ഐ സി സി നേതാക്കൾ ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ എത്തിച്ചേരുകയുണ്ടായി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെയും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, കെ പി സി സി പ്രസിഡണ്ടായി ചുമതല ഏറ്റെടുത്ത കെ സുധാകരൻറെയും പ്രസംഗങ്ങളുടെ ചില ഭാഗങ്ങൾ പരിസരം മറന്ന് നിറഞ്ഞ കരഘോഷത്തോടെയാണ് ദമ്മാമിലെ ഒ ഐ സി സി നേതാക്കൾ ശ്രവിച്ചത്. തുരുവനന്തപുരത്ത് നടന്ന ചടങ്ങ് തത്സമയം ദമ്മാമിൽ വീക്ഷിച്ച ഒ ഐ സി സി നേതാക്കളിൽ നാട്ടിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ അതേ വികാരമാണ് പ്രവാസ ലോകത്തും കാണാനായത്.
ദമ്മാമിൽ നടന്ന പരിപാടികൾ റീജ്യണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ ഉത്ഘാടനം ചെയ്തു. കെ സുധാകരൻ ചുമതല ഏറ്റെടുത്തതോടെ കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ പുത്തനുണർവ് ഉണ്ടായതായും, ചിട്ടയായ പ്രവർത്തനത്തിലൂടെ സമയബന്ധിതമായി ബൂത്ത് തലം മുതൽ പ്രവർത്തകരെ പ്രവർത്തന സജ്ജമാക്കുവാൻ കെ പി സി സി യുടെ പുതിയ പ്രസിഡണ്ടിന് സാധിക്കുമെന്നും ഹനീഫ് റാവുത്തർ പറഞ്ഞു. കെ സുധാകരൻ കെ പി സി സി പ്രസിഡണ്ടായി വരുന്നത് സി പി എം എത്രത്തോളം ഭയപ്പെടുന്നുവെന്നുള്ളതിൻറെ തെളിവാണ് സുധാകരനെതിരെ സി പി എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബിജെപി ബാന്ധവ ആരോപണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഇ കെ സലിം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ബിജെപി ബാന്ധവ ആരോപണം നടത്തി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ സാധിച്ചുവെന്നുള്ളതിൻറെ മുൻ അനുഭവ പശ്ചാത്തലത്തിലാണ് കെ സുധാകരനെതിരെയും സിപിഎം ആസൂത്രിതമായ ഈ നീക്കം നടത്തിയത്. എന്നാൽ, സി പി എമ്മിൻറെ ഈ കുതന്ത്രം ഇനി വിലപ്പോകില്ലെന്നും, ന്യൂനപക്ഷങ്ങൾക്ക് കെ സുധാകരനെന്ന നേതാവിനെക്കുറിച്ച് വലിയ മതിപ്പാണെന്നും ഇ കെ.സലിം വ്യക്തമാക്കി.
മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൾ ഗഫൂർ വണ്ടൂർ, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് തോമസ് തൈപ്പറമ്പിൽ, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് നിസ്സാർ മാന്നാർ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം ഫെറോക്ക്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ ബദർ അൽ റാബി പരിസരത്തും കടകളിലും മധുരവിതരണം നടത്തുവാൻ നേതൃത്വം നൽകി. ഒ ഐ സി സി യൂത്ത് വിംഗ് അൽ ഹസ്സ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവച്ചു. യൂത്ത് വിംഗ് നേതാക്കളായ ഫൈസൽ വാച്ചാക്കൽ, അർഷദ് ദേശമംഗലം, അബ്ദുൽ റഷീദ് വരവൂർ, നിസാം വടക്കേകോണം തുടങ്ങിയവരാണ് അൽ ഹസ്സയിലെ പരിപാടികൾക്ക് നേതൃത്വം നൽകിയത്.