ദമ്മാം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നഷ്ടപ്പെട്ട പല മണ്ഡലങ്ങളും ഇത്തവണ തിരിച്ച് പിടിച്ച് യു ഡി എഫ് വ്യക്തമായ മേധാവിത്വം നേടുമെന്ന് ദമ്മാം ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിലയിരുത്തി. തിരുവനന്തപുരം ജില്ലയിലെ പതിനാല് മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് യു ഡി എഫ് മത്സരിപ്പിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ തലസ്ഥാന ജില്ലയില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥികളുടെ മികവും തിരുവനന്തപുരം ജില്ലയിലെ വോട്ടര്‍മാരെ യു ഡി എഫിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഒ ഐ സി സി ദമ്മാം റീജ്യണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അഡ്വ:നൈസാം നഗരൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ഏതാനും സീറ്റുകള്‍ ബി ജെ പി നേടുമെന്ന വ്യാജപ്രചാരണം നടത്തി യു ഡി എഫ് വോട്ടുകള്‍ തട്ടിയെടുക്കുവാന്‍ എല്‍ ഡി എഫ് ശ്രമിക്കുകയാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ബിജു കല്ലുമല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്തെ പതിനാല് മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചരണം നടത്തിയാലും ജില്ലയില്‍ ഒരു സീറ്റുപോലും ബി ജെ പി നേടില്ലെന്ന് ബിജു കല്ലുമല കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതീവ തല്പരതയാണ് കാണിക്കുന്നത്. ഈ വികസന തുടര്‍ച്ചയ്ക്ക് യു ഡി എഫ് വീണ്ടും അധികാരത്തില്‍ തുടരണമെന്നാണ് പ്രായവ്യത്യാസമില്ലാതെ തിരുവനന്തപുരത്തിന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നതെന്നും അതില്‍ തിരുവനന്തപുരം ജില്ലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നുവെന്നും കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് പറഞ്ഞു. കാല്‍നൂറ്റാണ്ടുകാലത്തെ പഴക്കമുള്ള കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇശ്ചാശക്തി ഒന്നുകൊണ്ട് മാത്രമാണ്. ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ തലസ്ഥാന ജില്ല ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിത്തീരും. കരമന – കളിയിക്കാവിള പാതയ്ക്ക് ആവശ്യമായ സ്ഥലമെടുപ്പ് ത്വരിതഗതിയില്‍ നടത്തി പാത വികസിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, മോണോ റെയില്‍ പദ്ധതി, പൂവാറില്‍ ആഴക്കടല്‍ കപ്പല്‍ നിര്‍മ്മാണശാലയുല്‍പ്പെടെ തലസ്ഥാനജില്ലയുടെ മുഖശ്ചായ തന്നെ മാറ്റുന്ന നിരവധി വികസന പദ്ധതികളാണ് യു ഡി എഫ് തിരുവനന്തപുരത്തിനായ് മുന്നോട്ട് വയ്ക്കുന്നത്. ഈ പദ്ധതികള്‍ നടപ്പിലാകണമെങ്കില്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമായതിനാല്‍ നമ്മുടെ സ്ഥാനാത്ഥികളുടെ വിജയത്തിനായ് പ്രവാസലോകത്തുനിന്നുകൊണ്ട് തിരുവനന്തപുരം ജില്ലയിലെ ഒ ഐ സി സി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്ന് പി.എം.നജീബ് ആഹ്വാനം ചെയ്തു.
ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അഷറഫ് മുവാറ്റുപുഴ, ബൈജു കുട്ടനാട്, ചന്ദ്രമോഹന്‍, മുഹമ്മദലി പാഴൂര്‍, ഇ.കെ.സലിം, ഇ.എം.ഷാജി, ബാപ്പു ആനക്കയം, രാധികാ ശ്യാം പ്രകാശ്, മിനി ജോയ്, നിസാര്‍ മാന്നാര്‍, സിനോജ് പോള്‍ എന്നിവര്‍ സംസാരിച്ചു. ലാല്‍ അമീന്‍ ബാലരാമപുരം സ്വാഗതവും ആന്റണി കല്ലറയ്ക്കല്‍ നന്ദിയും പറഞ്ഞു. രാജേഷ് സി.വി, സുനില്‍ ഖാന്‍, ശ്രീനാഥന്‍,ഷിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.