സ്വന്തം ലേഖകൻ
ദമ്മാം: ഗാർഹിക തൊഴിലാളിയായി സൗദിയിലെത്തി കഴിഞ്ഞ എട്ട് മാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിനി രജനി സാമൂഹ്യ പ്രവർത്തകരുടെയും ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സഹായത്തോടെ നാടണഞ്ഞു. സ്‌പോൺസറുടെ വീട്ടിലെ പീഡനം സഹിക്കവയ്യാതെ വീട് വിട്ടിറങ്ങി പോലീസ് അധികാരികളുടെ മുന്നിലെത്തി തൻറെ ദയനീയാവസ്ഥ വിവരിച്ചതോടെ രജനിയെ സ്ത്രീകളുടെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് പോലീസ് അധികാരികൾ എത്തിച്ചു. രണ്ട് മാസത്തോളം അവിടെക്കഴിഞ്ഞ രജനിക്ക് സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ നാട്ടിലേക്കുള്ള മടക്കത്തിനുള്ള യാത്രാ രേഖകൾ ശെരിയാക്കി നൽകി. തുടർന്ന് രജനിയുടെ ദയനീയാവസ്ഥയറിഞ്ഞ ഒ ഐ സി സി ദമ്മാം റീജ്യൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാട്ടിലേക്ക് മടങ്ങുവാനുള്ള വിമാന ടിക്കറ്റ് നൽകി രജനിയെ യാത്രയാക്കി. ഒ ഐ സി സി വനിതാവേദി സെക്രട്ടറി സജ്‌നാ ലാൽ വിമാന ടിക്കറ്റ് രജനിക്ക് കൈമാറി. സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഒ ഐ സി സി വനിതാവേദി സെക്രട്ടറി ഫ്രിബിതാ സന്തോഷ്, സന്തോഷ് കുമാർ തിരുവനന്തപുരം, ലാൽ അമീൻ ബാലരാമപുരം എന്നിവർ സംബന്ധിച്ചു.